
കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ സ്‌റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. 21ാം തീയതി വീണ്ടും ഹാജരാകണമെന്ന് പോലിസ് നിര്‍ദേശം നല്‍കി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഷൈനിനു പുറമെ മലപ്പുറം സ്വദേശിയായ അഹമ്മദ് മുര്‍ഷാദാണ് കേസില്‍ രണ്ടാം പ്രതി.
ബുധനാഴ്ച ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഷൈനും മുര്‍ഷാദും അവിടെ ഉണ്ടായിരുന്നു എന്നും എന്നാല്‍ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയില്ല എന്നുമായിരുന്നു ഇതുവരെയുള്ള വിവരങ്ങള്‍. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഇരുവരും മുറിയില്‍ ഒത്തുകൂടിയതെന്നും തെളിവു നശിപ്പിക്കാനാണ് ജനലില്‍ കൂടി പുറത്തു പോയതെന്നും എഫ്‌ഐആറില്‍ പറയുന്നു.
സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന എന്‍ഡിപിഎസ് വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎന്‍എസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കല്‍) കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത് എന്നതിനാല്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു തന്നെ ഷൈനിന് ജാമ്യം ലഭിച്ചു. നേരത്തെ ഷൈനിന്റെ മാതാപിതാക്കളും സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. ജാമ്യം ലഭിച്ച ശേഷം അഭിഭാഷകന്റെ കാറില്‍ തന്നെയാണ് ഷൈന്‍ മടങ്ങിയത്.