കുട്ടിയെ രക്ഷിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് അമ്മയും മുത്തശ്ശിയും മരിച്ചു
ആലപ്പുഴ: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവതിയും മാതാവും മരിച്ചു. മാന്നാര്‍ ബുധനൂര്‍ കടമ്പൂര് പടനശ്ശേരിയില്‍ തങ്കപ്പന്റെ ഭാര്യ ഓമന(65), മകന് സജിയുടെ ഭാര്യ മഞ്ജു(32) എന്നിവരാണ് മരിച്ചത്. മരം വീണതിനെ തുടര്‍ന്ന് റോഡിന് സമീപത്തെ വൈദ്യുതി കമ്പി പൊട്ടി വീണിരുന്നു. രാവിലെ മഞ്ജുവിന്റെ ആറുവയസ്സുള്ള കുട്ടി കളിക്കാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ രക്ഷിക്കാനെത്തിയപ്പോഴാണ് ഓമനയ്ക്കു ഷോക്കേറ്റത്. പിന്നാലെയെത്തിയ മഞ്ജുവിനും ഷോക്കേറ്റു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.