റദ്ദാക്കിയ നിയമപ്രകാരം കേസുകള്‍; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസ്
ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ന്യൂഡല്‍ഹി: ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ നിയമപ്രകാരം ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രിം കോടതി. ഐടി നിയമത്തിലെ 66 എ വകുപ്പ് അനുസരിച്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
2015 മാര്‍ച്ച് 24ന് ഐടി നിയമത്തിലെ 66എ വകുപ്പാണ് ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി നേരത്തേ സുപ്രിംകോടതി റദ്ദാക്കിയത്. വ്യക്തതയില്ലാത്ത നിര്‍ദേശങ്ങള്‍ അടങ്ങിയ ഈ വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നും കോടതി വിലയിരുത്തിയിരുന്നു.
ഏഴു വര്‍ഷം മുമ്പ് റദ്ദാക്കിയ വകുപ്പ് അനുസരിച്ച് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ആയിരത്തോളം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ പിയുസിഎല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച കോടതി അതിശയിപ്പിക്കുന്നതും ഭീകരവുമായ കാര്യങ്ങളാണ് നടക്കുന്നതെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
വകുപ്പ് റദ്ദാക്കുമ്പോള്‍ പതിനൊന്നു സംസ്ഥാനങ്ങളിലായി 229 കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 1307 ആയാണ് ഉയര്‍ന്നതായും 570 കേസുകള്‍ ഇപ്പോഴും ശേഷിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.