പാലത്തായി പീഡന കേസില്‍ ഹൈക്കോടതി അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയ ഐജിക്ക് സ്ഥാനക്കയറ്റം; എസ് ശ്രീജിത്ത് ഇനി ക്രൈംബ്രാഞ്ച് മേധാവി

നാലാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ കേസന്വേഷണത്തില്‍ വീഴ്ച്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി മാറ്റിയ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിക്കും.

Update: 2020-12-31 17:57 GMT

തിരുവനന്തപുരം: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച ഐജി ശ്രീജിത്തിന് എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി പോലിസ് തലപ്പത്ത് അഴിച്ചുപണി. പുതുവത്സരത്തലേന്നാണ് പോലിസ് തലപ്പത്ത് അഴിച്ചു പണി. എഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു.

പാലത്തായിയില്‍ നാലാംക്ലാസുകാരിയായ അനാഥ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ പോലിസുദ്യോഗസ്ഥനാണ് എസ് ശ്രീജിത്ത്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പടെ പുറത്ത് വിട്ട് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും എഴുത്തുകാരും പൊതു പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തു.

ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതിയും ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഐ.ജി ശ്രീജിത്തിന് നേരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. നാലാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ കേസന്വേഷണത്തില്‍ വീഴ്ച്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി മാറ്റിയ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവിയാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിക്കും.

പോലിസ് തലപ്പത്തും വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. സുധേഷ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു, ബി സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയാകും. വിജയ് സാക്കറേയ്ക്കും എഡിജിപി റാങ്ക് നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമനം നല്‍കി. യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്ക്ക് ദര്‍വേഷ് സഹേബ് കേരള പോലീസ് അക്കാദമി ഡയറക്ടറാകും.

എഡിജിപി അനില്‍കാന്ത് റോഡ് സേഫ്റ്റി കമ്മീഷണറാകും, സ്പര്‍ജന്‍ കുമാര്‍ െ്രെകം ബ്രാഞ്ച് ഐജിയാകും, നാഗരാജുവാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. എ അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയും കെ ബി രവി കൊല്ലം എസ്പിയുമാകും. രാജീവ് പിബിയാണ് പത്തനംതിട്ട എസ്പി, സുജിത് ദാസ് പാലക്കാട് എസ്പിയാകും.

കണ്ണൂര്‍ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ന്റെ ചുമതലയാണ് പകരം നല്‍കിയിരിക്കുന്നത്. ആര്‍ ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. നവനീത് കുമാര്‍ ശര്‍മ്മ കണ്ണുര്‍ റൂറല്‍ എസ്പിയാകും.

Tags:    

Similar News