കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ, ഡികെ ഏക ഉപമുഖ്യമന്ത്രി; ഔദ്യോഗികമായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പിഡി കെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാവും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാനും സത്യപ്രതിജ്ഞ. പ്രതിപക്ഷ നിരയിലെ പാര്‍ട്ടി നേതാക്കളെ ഇതിലേക്ക് ക്ഷണിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അതേസമയം, രണ്ടര വര്‍ഷം വീതമാണ് മുഖ്യമന്ത്രി പദവിയെന്ന റിപോര്‍ട്ടുകളോട് കെ സി വേണുഗോപാല്‍ പ്രതികരിച്ചില്ല. കര്‍ണാടകയിലെ ജനങ്ങളുമായി അധികാരം പങ്കിടുക എന്നതാണ് അധികാരം പങ്കിടല്‍ ഫോര്‍മുല എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ വിശദമായി കേട്ടതിനാലാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഡി കെ ശിവകുമാറിനെ അറിയാത്തവരാണ് അദ്ദേഹം കടുംപിടുത്തത്തില്‍ നില്‍ക്കുകയാണെന്ന് പറയുന്നത്. കാലിന്റെ നഖം മുതല്‍ തലയിലെ മുടിവരെ അടിയുറച്ച കോണ്‍ഗ്രസുകാരനാണ് ഡി കെ. അദ്ദേഹത്തിന് ആഗ്രഹവും താല്‍പര്യവും ഉണ്ടാകും. അതിനുവേണ്ടി അദ്ദേഹം കഠിനമായി പ്രയത്‌നിച്ചിട്ടുമുണ്ടാകും. അതില്‍ എന്താണ് തെറ്റ്. ഒടുവില്‍ പാര്‍ട്ടി ഒരു തീരുമാനം എടുത്തപ്പോള്‍ അതോടൊപ്പം നിന്നു. ശിവകുമാര്‍ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ നേതാവ്. ഊര്‍ജ്ജസ്വലനായ നേതാവ് ഡികെ. സിദ്ധരാമയ്യയാവട്ടെ ഏറെ അനുഭവസമ്പത്തുള്ള നേതാവാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. രണ്ടര വര്‍ഷം വീതമാണ് ഇരുവര്‍ക്കും മുഖ്യമന്ത്രി പദവി നല്‍കുകയെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നല്‍കുക. കൂടാതെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരും.
പ്രഖ്യാപനത്തിന് പിന്നാലെ സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും അനുയായികള്‍ അവരുടെ പോസ്റ്ററുകളില്‍ പാല്‍ ഒഴിച്ച് ബംഗളൂരുവില്‍ മുദ്രാവാക്യം മുഴക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം തീരുമാനിക്കാന്‍ ബുധനാഴ്ച നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയമാണുണ്ടായത്. ആകെയുള്ള 224 സീറ്റില്‍ 135 സീറ്റും നേടി കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും ജെഡിഎസ് 19 സീറ്റുകളിലും ഒതുങ്ങി.