കര്‍ണാടകയില്‍ സമവായം; സിദ്ധരാമയ്യ ആദ്യം മുഖ്യമന്ത്രി; ഡികെ ഉപമുഖ്യമന്ത്രിയാവും

Update: 2023-05-18 04:32 GMT

ന്യൂഡല്‍ഹി: ബിജെപിയെ മികച്ച മാര്‍ജിനില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയ കര്‍ണാടകയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തചീരുമാനമായത്. ഇതുപ്രകാരം മഖ്യമന്ത്രിയായി ആദ്യഘട്ടത്തില്‍ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ശനിയാഴ്ച ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വ്യാഴാഴ്ച വൈകീട്ട് ഏഴിന് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാക്കാനാണ് ധാരണയായത്. ഖാര്‍ഗെ ഇന്ന് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപോര്‍ട്ട്.

    കര്‍ണാടകയില്‍ ഭരണം പിടിച്ച കോണ്‍ഗ്രസില്‍ രണ്ട് നേതാക്കളുടെ ഭിന്നത തുടക്കം മുതല്‍ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് കരുതിയിരുന്നെങ്കിലും എഐസിസി നേതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. ആദ്യ ടേമില്‍ സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ ഡി കെ ശിവകുമാറിനും മുഖ്യമന്ത്രിപദം നല്‍കാനാണ് നീക്കമെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ തന്നെ ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കാനാണു സാധ്യത. അതോടൊപ്പം തന്നെ കര്‍ണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇത്തരമൊരു ധാരണയ്ക്ക് ഡികെയും സമ്മതം മൂളുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യത്തില്‍ ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രി പദം രണ്ടു ടേമുകളിലായി പങ്കിടുക എന്ന ഫോര്‍മുല ഖാര്‍ഗെയാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ഇതില്‍ സമവായം ഉണ്ടാക്കാനായില്ല. തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി വൈകി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം ഉണ്ടായത്. ഇതിനിടെ, ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവരെ സന്ദര്‍ശിച്ചിരുന്നു. എന്തുതന്നെയായാലും പാര്‍ട്ടിയെ ഭിന്നിപ്പിക്കില്ലെന്നും പിന്നില്‍നിന്നു കുത്തില്ലെന്നുമായിരുന്നു ഡികെയുടെ നിലപാട്. അതേസമയം, എംഎല്‍എമാരില്‍ 75 ശതമാനം പേരും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News