''ശിരോവസ്ത്രമാണ് പ്രധാനം''; ഹെല്‍മെറ്റ് ധരിക്കാത്ത സിഖ് വനിതക്ക് പിഴയിട്ടതിനെതിരെ പ്രതിഷേധം

അമൃത്‌സര്‍: ഇരുചക്ര വാഹനമോടിക്കുന്ന ശിരോവസ്ത്രം ധരിച്ച സിഖ് വനിതകള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടെന്ന ചട്ടം ലംഘിച്ച പോലിസിനെതിരെ വ്യാപകവിമര്‍ശനം. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ നോട്ടിസ് ലഭിച്ച ഒരു സിഖ് യുവതി പരാതിയുമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്. സിഖ് മതസ്ഥാപനമായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും(എസ്ജിപിസി) മൊഹാലി ഡെപ്യൂട്ടി മേയറും യുവതിക്ക് പിന്തുണ പ്രഖ്യാപിച്ചു.
സിഖ് മതസ്ഥരായ സ്ത്രീകള്‍ ശിരോവസ്ത്രമല്ലാതെ മറ്റൊന്നും തലയില്‍ ധരിക്കരുതെന്നാണ് മതനിര്‍ദേശം. അതിനാല്‍, അവര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടെന്ന ഉത്തരവ് കാലങ്ങള്‍ക്ക് മുമ്പേ സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെ 2018ല്‍ കേന്ദ്രസര്‍ക്കാരും സിഖ് വനിതകള്‍ക്ക് ഇളവ് നല്‍കി ഉത്തരവിറക്കി. ഇതെല്ലാം ലംഘിച്ചാണ് പോലിസ് പിഴ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഒരു പതിറ്റാണ്ടിന് മുമ്പ് സമാനമായ സംഭവങ്ങളുണ്ടായെന്ന് എസ്ജിപിസി അംഗം ഹര്‍ദീപ് സിംഗ് ഓര്‍മിച്ചു. ''അന്ന് ഗവര്‍ണറുമായി സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. സിംഗ്, കൗര്‍ എന്നീ വാക്കുകള്‍ പേരിലുള്ളവര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതില്ല എന്നാണ് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.''-അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് കേന്ദ്രഭരണപ്രദേശങ്ങളിലും സിഖുകാര്‍ക്ക് ഹെല്‍മെറ്റ് വേണ്ടെന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. ഇതെല്ലാം പോലിസ് ലംഘിച്ചതിനാല്‍ സിഖുകാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്.
PHOTO: 2018 PROTEST