കര്‍ണാടക പ്രതിസന്ധി: അടിയന്തരാവസ്ഥയേക്കാള്‍ മോശം സാഹചര്യമെന്നു ദേവഗൗഡ

Update: 2019-07-10 15:35 GMT

ബംഗ്ലൂരു: അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണ് രാജ്യത്തിപ്പോഴുള്ളതെന്നു മുന്‍ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ ദേവഗൗഡ. കര്‍ണാടകയിലെ എംഎല്‍മാര്‍ കൂട്ടമായി രാജി നല്‍കുകയും ഭരണ പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവഗൗഡയുടെ പ്രസ്താവന.

രാജി ഭീഷണി ഉയര്‍ത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരെ സന്ദര്‍ശിക്കാന്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഹോട്ടലിന് പുറത്ത് പോലിസ് തടഞ്ഞിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് ദേവഗൗഡ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരേ വിമര്‍ശനമുന്നയിച്ചത്.

രാജ്യത്തു അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ് അവസ്ഥ. തന്റെ 60 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടക്കുള്ള ആദ്യ അനുഭവമാണിത്. രാജ്യത്തു ജനാധിപത്യം അപകടത്തിലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണിത്.

കോണ്‍ഗ്രസ് എംഎല്‍എമാരെ സന്ദര്‍ശിക്കാന്‍ ഹോട്ടലിലെത്തിയ ശിവകുമാറിനെ തടഞ്ഞ സംഭവം വളരെ ഗൗരവമേറിയതാണ്. എല്ലാവരും ഒന്നിച്ചു നിന്നു ജനാധിപത്യം സംരക്ഷിക്കേണ്ട അടിയന്തര സാഹചര്യമാണിത്- ദേവഗൗഡ വ്യക്തമാക്കി.

വിമത എംഎല്‍എമാര്‍ സംരക്ഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയതിനാലാണ് തടയുന്നതെന്നായിരുന്നു ശിവകുമാറിനെ തടയുന്നതിനു പോലിസ് നല്‍കിയ വിശദീകരണം. എന്നാല്‍, താന്‍ റിനൈസന്‍സ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും എന്നിട്ടും ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടയുകയായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു. ശിവകുമാര്‍ മടങ്ങിപ്പോവണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ഗെയ്റ്റിലെത്തി പ്രശ്‌നം സൃഷ്ടിച്ചിരുന്നു.

കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിലെ പ്രശ്‌ന പരിഹാര വിദഗ്ധനുമായ ശിവകുമാര്‍ ഇന്ന് രാവിലെയാണ് മുംബൈയിലെത്തിയത്. 

Tags:    

Similar News