വീരാജ്‌പേട്ട: കുടകില്‍ കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ ചുട്ടുകൊന്നു. കുടകിലെ പൊന്നംപേട്ടയ്ക്കു സമീപം ഹൈസൊഡലൂരിലാണ് സംഭവം. മുഗുട്ടഗേരിയിലെ കെ എം ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്‌റ്റേറ്റിലെ ജീവനക്കാരനായ പണി എരവ സമുദായത്തിലെ ബോജന്റെ ഭാര്യ ബേബി (41), ബേബിയുടെ മാതാവ് സീതെ(58), പ്രാര്‍ഥന (ആറ്) ബോജന്റെ പേരമക്കളായ പ്രകാശ് (ആറ്), വിശ്വാസ് (മൂന്ന്), അവിനാശ് (ഏഴ്) എന്നിവരാണ് മരിച്ചത്. മദ്യലഹരിയില്‍ ബോജ(52)യാണ് സ്വന്തം കുടുംബത്തിലെ ആറുപേരെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. ബോജന്റെ മകന്‍ മഞ്ജുവും തോലനും രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഭാര്യയുമായി വഴക്കുണ്ടാക്കിയ ബോജ കുടുംബത്തെ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സ്ഥിരമായി വഴക്കുണ്ടാക്കുന്നതു കാരണം ബേബിയും മക്കളും പേരമക്കളും മറ്റൊരു തോട്ടത്തിലെ വീട്ടിലാണ് താമസം. രാത്രി ബോജ വീടിന്റെ കതക് പുറത്തുനിന്നും പൂട്ടി മുകളില്‍ കയറി ഓടുകളെടുത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവശേഷം ഓടിരക്ഷപ്പെട്ട ബോജയെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ ഗോണിക്കുപ്പ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. തെക്കന്‍ മേഖല ഐജി മധുകര്‍ പവാര്‍, എസ് പി ക്ഷമാ മിശ്ര എന്നിവര്‍ സ്ഥലത്തെത്തി. പൊന്നംപേട്ട പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.