റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട് വില്ലേജ് ഓഫിസ് ഒന്നര വര്‍ഷമായിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല

ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു.

Update: 2022-03-19 15:25 GMT

തൃശൂര്‍: പൊയ്യ ഗ്രാമപഞ്ചായത്തിലെ മഠത്തുംപടി 'സ്മാര്‍ട്ട്' വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഹൈക്കോടതിയില്‍ ഹരജി. പൊതുപ്രവര്‍ത്തകനും മാള, പള്ളിപ്പുറം സ്വദേശിയുമായ ഷാന്റി ജോസഫ് തട്ടകത്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേരള ചീഫ് സെക്രട്ടറി, അഡിഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ), ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസര്‍, തൃശ്ശൂര്‍ ജില്ലാ കലക്ടര്‍, കൊടുങ്ങല്ലൂര്‍ താലൂക്ക് തഹസില്‍ദാര്‍, പൊയ്യ വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് ഇവരെ കക്ഷികളായി ചേര്‍ത്തിട്ടാണ് ഹരജി നല്‍കിയത്.

ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. ഒന്നര വര്‍ഷം മുമ്പ് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെയാണ് മഠത്തുംപടി സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുപ്പോള്‍ പുതിയ ഉദ്യോഗസ്ഥ തസ്തികള്‍ ആവശ്യമായിവരും. എന്നാല്‍ പുതിയ തസ്തികകള്‍ക്ക് ധനകാര്യ വകുപ്പ് അനുമതി നല്‍കാത്തതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തന സജ്ജമാകാന്‍ തടസ്സം നേരിട്ടത്.

പൊയ്യ, മടത്തുംപടി, പള്ളിപ്പുറം എന്നീ മൂന്ന് വില്ലേജുകള്‍ ചേര്‍ന്ന പൊയ്യ ഗ്രൂപ്പ് വില്ലേജില്‍ നിന്ന് മടത്തുംപടി അടര്‍ത്തി മാറ്റിയിട്ടാണ് മടത്തുംപടി നിവാസികളുടെ സൗകര്യത്തിനായി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം മഠത്തുംപടി ജഡ്ജിമുക്കില്‍ കൊണ്ടുവന്നത്. മഠത്തുംപടി വില്ലേജ് നിവാസികള്‍ ആറ് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്തുവേണം പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫിസിലെത്താന്‍. മഠത്തുംപടി വില്ലേജ് നിവാസികളുടെ ഈ ബുദ്ധിമുട്ടിന് പരിഹാരമായിട്ടാണ് 44 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിതി കേന്ദ്രമാണ് വില്ലേജ് ഓഫിസിന്റെ പണി പൂര്‍ത്തീകരിച്ചത്.

മഠത്തുംപടി സ്വദേശി പടിയില്‍ ജോണ്‍സണ്‍ തോമസ് വിട്ടു നല്‍കിയ 10 സെന്റ് സ്ഥലത്താണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. വില്ലേജ് ഓഫീസ് സേവനങ്ങള്‍ ഇനി മുതല്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുമെന്നും വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് കാല താമസമില്ലാതെ ഇനി മുതല്‍ കാര്യങ്ങള്‍ ചെയ്തു മടങ്ങാമെന്ന വാഗ്ദാനത്തോടെയാണ് വില്ലേജ് ഓഫിസ് ഉദ്ഘാടനം നടത്തിയത്.

Similar News