കൊവിഡ് ആശുപത്രിയില്‍ നഴ്‌സ് അഭിമുഖത്തിന് നിരവധി പേര്‍; വിവാദമായതോടെ നിര്‍ത്തിവച്ചു
കോട്ടയം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജില്ലാ ആശുപത്രിയില്‍ കൊവിഡ് നഴ്‌സ് നിയമനത്തിനു വേണ്ടിയുള്ള അഭിമുഖത്തിനു നിരവി പേരെത്തിയത് വിവാദമായതോടെ നിര്‍ത്തിവച്ചു. സാമൂഹിക അകലം പാലിക്കാതെ നൂറു കണക്കിന് ഉദ്യോഗാര്‍ഥികളാണ് ശനിയാഴ്ച രാവിലെയോടെ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിയത്. കോട്ടയത്തെ കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയില്‍ അഭിമുഖത്തിനെത്തിയവരുടെ നിര
റോഡിലേക്ക് നീണ്ടു. ഈ സമയം ആശുപത്രിയിലേക്കെത്തിയ ആംബുലന്‍സിനു അകത്ത് കയറാന്‍ പോലും പ്രയാസമുണ്ടായി. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയെങ്കിലും സാമൂഹിക അകലം പാലിക്കാതെയുള്ള അഭിമുഖം നിര്‍ത്തിവയ്പിച്ചില്ല. എന്നാല്‍, മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ജില്ലാ കലക്ടര്‍ ഇടപെടുകയും അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഒരു മാസത്തെ താല്‍ക്കാലിക ഒഴിവിലേക്കാണ് അഭിമുഖം നടത്തിയത്. 21 ഒഴിവുകളിലേക്ക് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളാണെത്തിയത്.
ഇത്രയധികം പേര്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും അഭിമുഖം നിര്‍ത്തിവച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജേക്കബ് വര്‍ഗീസ് വ്യക്തമാക്കി. അഭിമുഖം ഇനി ഓണ്‍ലൈന്‍ വഴി നടത്താനാണു തീരുമാനം.
കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലാത്തത് ആശങ്ക കുറയ്ക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ കൊവിഡ് ആശുപത്രിയിലേക്കുള്ള നഴ്‌സുമാരുടെ നിയമനത്തിനു വേണ്ടിയുള്ള അഭിമുഖത്തിനെത്തിയവര്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.