
ഇടുക്കി: കട്ടപ്പനയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് വൃദ്ധമാതാവിന്റെ കൈകാലുകള്‍ മകന്‍ കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ ശാന്തിപ്പടി കൊല്ലപ്പള്ളില്‍ കമലമ്മ(73)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് മകന്‍ പ്രസാദി(48)നെ കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തു. കൈകാലുകള്‍ക്ക് ഒടിവ് സംഭവിക്കുകയും തലയ്ക്ക് മുറിവേല്‍ക്കുകയുംചെയ്ത കമലമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയാണ് സംഭവം.
വീടിനോടുചേര്‍ന്നുള്ള മുറിയിലാണ് കമലമ്മ കഴിയുന്നത്. മുറിയില്‍നിന്ന് പുറത്തേയ്ക്കുള്ള നടപ്പുവഴി പ്രസാദും ഭാര്യയും കോഴിക്കൂട് സ്ഥാപിച്ച് അടച്ചിരുന്നു. തുടര്‍ന്ന് കമലമ്മ പോലിസില്‍ പരാതി നല്‍കുകയും കോഴിക്കൂട് മാറ്റാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കോടാലി ഉപയോഗിച്ച് പ്രസാദ് കമലമ്മയെ അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് വൃദ്ധയെ രക്ഷപ്പെടുത്തിയത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കമലമ്മയുടെ പേരിലുള്ള വീടും സ്ഥലവും പ്രസാദ് എഴുതിവാങ്ങിയതിനെച്ചൊല്ലി വര്‍ഷങ്ങളായി കുടുംബപ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.