വായ്പയുടെ അടവ് മുടങ്ങിയതിന് മകന് ക്രൂര മര്‍ദ്ദനം; ബാലവാകാശ കമ്മീഷനില്‍ പരാതി
മുഹമ്മദ് അബ്ദുല്ലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി
പെരിന്തല്‍മണ്ണ: പിതാവിന്റെ പേരിലുള്ള വാഹന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് 16 വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച രോഗിയായ മാതാവിനെ തള്ളിയിട്ടതായും പരാതിയില്‍ പറയുന്നു. പുത്തനങ്ങാടി പള്ളിപ്പടി ശുഹദാ നഗറിലെ സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് അബ്ദുല്ല(16) ക്ക് ആണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 29 ന് ആയിരുന്നു സംഭവം. ഗുഡ്‌സ് ഓട്ടോറിക്ഷ വാങ്ങാനാണ് ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തത്. കോവിഡിന്റെ ദുരിതകാലം മൂലം വായ്പയുടെ ചില ഗഡുക്കള്‍ മുടങ്ങിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തി മാനേജരുമായി സംസാരിച്ചതായും തിരിച്ചടവിന് സാവകാശം അനുവദിച്ചതായും സക്കീര്‍ ഹുസൈന്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് നിയോഗിച്ചയാള്‍ വീട്ടിലെത്തി സക്കീര്‍ ഹുസൈനോട് പണം ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അടുത്ത ദിവസം നല്‍കാമെന്ന് അറിയിച്ച് മടക്കി അയച്ചെങ്കിലും പിറ്റേന്ന് ഇയാള്‍ ഓരോടംപാലത്തെ ഇവരുടെ പഴക്കടയിലെത്തി. സക്കീര്‍ ഹുസൈന്റെ കാന്‍സര്‍ രോഗിയായ ഭാര്യ സെലീനയും മകനും മാത്രമാണ് ആ സമയത്ത് കടയില്‍ ഉണ്ടായിരുന്നത്. സക്കീര്‍ ഹുസൈനെ കാണാതെ വന്നതോടെ രോഷാകുലനായി മുഹമ്മദ് അബ്ദുല്ലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയും, നിലത്തിട്ട് ചവിട്ടുകയും ചെയ്തതായാണ് പരാതി.
മുഹമ്മദ് അബ്ദുല്ല പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. സെലീനയെ തള്ളി താഴെ വീഴ്ത്തിയതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനത്തിലെ ഒരാള്‍ക്കെതിരെ കേസെടുത്തതായി പെരിന്തല്‍മണ്ണ പോലിസ് അറിയിച്ചു. കാര്യക്ഷമമായി അന്വേഷണം നടത്തണമെന്നും, പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി,ബാലാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സക്കീര്‍ ഹുസൈന്‍ പരാതി നല്‍കിയിട്ടുണ്ട്.