ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികം; രാജ്യത്തെ ലോക്ക്ഡൗണിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്
രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
സാവോ പോളോ: അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും ചിലര്‍ മരിച്ചു വീഴുന്നത് സ്വാഭാവികമാണെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ജെയില്‍ ബൊല്‍സൊനാരോ. രാജ്യത്തെ ലോക്ക്ഡൗണിനെ പരിഹസിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് രംഗത്ത് വന്നത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ബ്രസീല്‍ പ്രസിഡന്റ് രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഗവര്‍ണര്‍മാര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് വിവാദ പ്രസ്താവന നടത്തിയത്. "ട്രാഫിക് മരണങ്ങള്‍ ഉണ്ടാകുമെന്ന് കരുതി നിങ്ങള്‍ക്ക് കാര്‍ ഫാക്ടറി അടച്ചു പൂട്ടാനാവില്ല. എന്നോട് ക്ഷമിക്കണം, ചിലയാളുകള്‍ മരിക്കും, അതാണ് ജീവിതമെന്ന് പറയുന്നത്", കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൊല്‍സനാരോ പറഞ്ഞു.
സാവോ പോളോയിലെ മരണനിരക്കില്‍ തനിക്ക് സംശയമുണ്ടെന്നും സ്‌റ്റേറ്റ് ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണ് പുറത്തു വിടുന്നതെന്നും പ്രസിഡന്റ് ജെയിര്‍ ബൊല്‍സണാരോ ആരോപിച്ചിരുന്നു. രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബ്രസീലിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സാവോ പോളോ. അവിടെ മരണ സംഖ്യ വളരെ കൂടുതലാണ്. 1223 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.
ഇതുവരെ 92 പേരാണ് കൊവിഡ് ബാധമൂലം ഇവിടെ മരിച്ചത്. ഇത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് പ്രസിഡന്റ് ഇത്തരത്തിൽ പ്രതികരിച്ചത്. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിർത്തി കാര്യങ്ങള്‍ തീരുമാനിക്കാനാവില്ലെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കേണ്ടതുണ്ടെന്നുമാണ് പ്രസിഡന്റ് അഭിമുഖത്തിനിടെ പറഞ്ഞത്.
രാജ്യത്ത് വിവിധ ഗവര്‍ണര്‍മാര്‍ സ്വീകരിച്ച് കര്‍ശന നിയന്ത്രണങ്ങളെ പരിഹസിച്ച് "ബ്രസിലിനെ തടയാനാവില്ല" എന്ന തരത്തിലുള്ള കാംപയിനുകളെ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇറ്റലിയില്‍ രോഗം ഗുരുതരമായി വ്യാപിക്കുന്നതിന് തൊട്ടു മുമ്പ് മിലാനിലും ഇത്തരത്തിലുള്ള കാംപയിനുകള്‍ നടന്നിരുന്നു.