ഇസ്രായേലിന് ഒന്നരക്കോടി വെടിയുണ്ട നല്‍കാമെന്ന കരാര്‍ റദ്ദാക്കി സ്‌പെയിന്‍

മാഡ്രിഡ്: ഇസ്രായേലിന് ഒന്നരക്കോടി വെടിയുണ്ട നല്‍കാമെന്ന കരാര്‍ സ്‌പെയിന്‍ റദ്ദാക്കി. ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സര്‍ക്കാര്‍ രഹസ്യമായി ഇസ്രായേലിന് വെടിയുണ്ടകള്‍ നല്‍കാന്‍ തീരുമാനിച്ച കാര്യം കാഡെന സര്‍ റേഡിയോ നെറ്റ്‌വര്‍ക്കാണ് പുറത്തുകൊണ്ടുവന്നത്. ഒന്നരക്കോടി ഒമ്പത് എംഎം വെടിയുണ്ടകള്‍ ഇസ്രായേലിന് നല്‍കാനായിരുന്നു കരാര്‍. വാര്‍ത്ത പുറത്തുവന്നതോടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമന്ന് യുണൈറ്റഡ് ലെഫ്റ്റ് പാര്‍ട്ടി പ്രഖ്യാപിച്ചു. അഞ്ച് എംപിമാരുള്ള ഈ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. അതിനാല്‍, പ്രധാനമന്ത്രി പെട്രോ സാഞ്ചെസ് ഉടന്‍ കരാര്‍ റദ്ദാക്കുകയായിരുന്നുവെന്ന് പൊളിറ്റിക്കോ റിപോര്‍ട്ട് ചെയ്തു.