സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി: മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും നികുതിയും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി
ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്.
ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്‌കുലര്‍ ട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്റെ മുഹമ്മദിന്റെ ചികിത്സയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായവും. മുഹമ്മദിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭാ എംപി ഇ ടി മുഹമ്മദ് ബഷീറിനെ അറിയിച്ചു. ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ഈ മരുന്നിന് ചിലവുണ്ടായിരുന്നത്.
ഈ സാഹചര്യത്തില്‍ നികുതിയളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ ധനമന്ത്രിയെ സമീപിക്കുകയായിരുന്നു. ആഗസ്ത് ആറിന് എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ട സോള്‍ജെന്‍സ്മ എന്ന മരുന്ന് കേരളത്തില്‍ എത്തുമെന്നാണ് മുഹമ്മദിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
മുഹമ്മദിന്റെ കഥ മാധ്യങ്ങള്‍ വാര്‍ത്തയാക്കുകയും സമൂഹമാധ്യമങ്ങള്‍ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിങ് വഴി 46.78 കോടി രൂപയാണ് ചികില്‍സയ്ക്കായി സമാഹരിച്ചത്.സമാന രോഗം ബാധിച്ച മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ചികിത്സയ്ക്ക് കൂടി തുക വകയിരുത്തിയ ശേഷം ബാക്കി പണം ഇതേ രോഗം ബാധിച്ച മറ്റു കുട്ടികള്‍ക്കായി ചെലവിടുമെന്ന് മുഹമ്മദ് ചികിത്സാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.