സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപനം; തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
എട്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും അനിയന്ത്രിതമായി കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു. എട്ടിന് ശനിയാഴ്ച രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും അനിയന്ത്രിതമായി കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
കേരളത്തില്‍ വ്യാഴാഴ്ച 42,464 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍കോട് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആ.യി ഉയര്‍ന്നിട്ടുണ്ട്. രോഗബാധിതര്‍ക്കും മരണ നിരക്കും കൂടുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ആരോഗ്യവകുപ്പ് നടത്തിവരുന്ന ശ്രമങ്ങള്‍ ഫലം കാണാതെ വന്നതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ ലോക്ക് ഡൗണിലേക്ക് സംസ്ഥാനം കടക്കുന്നതോടെ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും വിശദീകരിക്കാനാണ് മുഖ്യമന്ത്രി ജനപ്രതിനിധികളെ കാണുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കേസുകള്‍ കുറച്ചുകൊണ്ടുവരാനുമാണ് ലോക്ക് ഡൗണ്‍ കാലയളവ് വിനിയോഗിക്കുന്നത്. അതുകൊണ്ട് ഈ ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമായ ഒരു രൂപരേഖ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആശുപത്രികളിലെ ചികില്‍സാ സൗകര്യവും ഓക്‌സിജന്‍ ബെഡ്ഡുകള്‍ അടക്കമുള്ളവയുടെ ലഭ്യതയും യോഗത്തില്‍ ചര്‍ച്ചയാവും.