
സൂറത്ത്: ആണവവിരുദ്ധ പ്രവര്‍ത്തക ഡോ. സംഘമിത്ര ഗാഡേക്കര്‍ (75) അന്തരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ ഗുജറാത്തിലെ സൂറത്ത് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം. മഹാത്മാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ചെറുമകളും പ്രമുഖ ഗാന്ധിയന്‍ നാരായണ്‍ ദേശായിയുടെ മകളുമായ സംഘമിത്ര ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളില്‍ വിദഗ്ദയായിരുന്നു.
രാജസ്ഥാനിലെ റാവത്ഭാട്ട ആണവനിലയം, ജതുഗുഢയിലെ യുറേനിയം ഖനന കേന്ദ്രം എന്നിവ സൃഷ്ടിക്കുന്ന ആണവ വികിരണങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ജീവിതപങ്കാളിയും ആണവ ശാസ്ത്രജ്ഞനുമായ ഡോ. സുരേന്ദ്ര ഗാഡേക്കറോടൊപ്പം ചേര്‍ന്ന് വിപുലമായ സര്‍വേകള്‍ നടത്തുകയും പഠനവിവരങ്ങള്‍ ജേണലുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1990കളുടെ ആദ്യത്തില്‍ കേരളത്തിലെ പെരിങ്ങോത്ത് നടന്ന ആണവവിരുദ്ധ സമരത്തില്‍ സംഘമിത്ര സജീവമായി ഇടപെട്ടിരുന്നു. ഭര്‍ത്താവ് സുരേന്ദ്ര ഗാഡേക്കര്‍ കഴിഞ്ഞ ദിവസവും കാസര്‍കോട് ചീമേനിയില്‍ ആണവവിരുദ്ധ യോഗത്തില്‍ പങ്കെടുത്തിരുന്നു.