കൊളംബോ: ജൂലൈ 20ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്ടിങ് പ്രസിഡന്റ് വിക്രമസിംഗെയാണ് ഉത്തരവിട്ടത്. പൊതു സുരക്ഷ, ക്രമസമാധാന പാലനം, അവശ്യ സാധനങ്ങളുടെ വിതരണവും സേവനവും ഉറപ്പാക്കല്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജനകീയ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഗോടബയ രാജപക്‌സ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. നിലവില്‍ അദ്ദേഹം സിംഗപ്പൂരിലാണ്.
തിങ്കളാഴ്ച രാവിലെ മുതല്‍ അടിയന്തരാവസ്ഥ നിലവില്‍വരുമെന്ന് ഞായറാഴ്ച അര്‍ധരാത്രി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സ്വീകരിക്കും. സ്ഥാനാര്‍ഥികളായി വിക്രമസിംഗെ ഉള്‍പ്പെടെ നാലു പേരുണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. നവംബര്‍ 2024 വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.
അതേസമയം, പ്രസിഡന്റ് സ്ഥാനം നിര്‍ത്തലാക്കി സമ്പൂര്‍ണ വ്യവസ്ഥിതി മാറ്റത്തിനായി പോരാട്ടം തുടരുമെന്ന് ശ്രീലങ്കന്‍ പ്രക്ഷോഭകര്‍ വ്യക്തമാക്കി. ജനകീയ പ്രക്ഷോഭം ഞായറാഴ്ച നൂറു ദിവസം പിന്നിട്ടു. ഏപ്രില്‍ ഒമ്പതിനാണ് പ്രസിഡന്‍ഷ്യല്‍ ഓഫിസിന് സമീപം സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ആരംഭിച്ചത്. വ്യവസ്ഥിതിയുടെ സമ്പൂര്‍ണ മാറ്റത്തിന് പോരാട്ടം തുടരുമെന്ന് പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരനായ ഫാദര്‍ ജീവന്ത പെരിസ് പറഞ്ഞു. വിക്രമസിംഗെയാണ് പ്രതിഷേധക്കാരുടെ അടുത്ത ലക്ഷ്യം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ക്ഷാമമാണ് ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിച്ചത്. വിദേശനാണയ ക്ഷാമം കൂടുതല്‍ ബാധിച്ചത് ഇന്ധന, ഊര്‍ജ മേഖലകളെയാണ്.