കോഴിക്കോട്: ഈ വര്‍ഷത്തെ എസ്എസ്എഫ് സാഹിത്യോല്‍സവ് അവാര്‍ഡ് പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്. 50,000 രൂപയും ശിലാഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, കവി വീരാന്‍ കുട്ടി, രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് എന്‍ എസ് മാധവനെ ഈ വര്‍ഷത്തെ സാഹിത്യോത്സവ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. മലയാള കഥാസാഹിത്യ ചരിത്രത്തിലെ ഏറ്റവും ജാഗ്രത്തായ സാന്നിധ്യമായ എന്‍ എസ് മാധവന്‍ കഥയില്‍ പ്രകാശിതമാവുന്ന രാഷ്ട്രീയ ഉണര്‍ച്ചകളെ ജീവിതത്തിലും ആവിഷ്‌കരിച്ചു. നമ്മുടെ കാലം കലുഷിതമാവുമ്പോഴെല്ലാം ഇടപെടുകയും ഇന്ത്യാദേശത്തിന്റെ മതേതരബഹുസ്വര ജീവിതത്തെ കൂടുതല്‍ ശക്തമാക്കാന്‍ നിരന്തരം എഴുതുകയും ചെയ്ത എഴുത്തുകാരനാണ് മാധവനെന്ന് ജൂറി അഭിപ്രായപ്പെട്ടു.
സെപ്തംബര്‍ നാല് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കും.