'ഈ ഭീഷണിയൊന്നും ഭയപ്പെടില്ല'; തലയ്ക്ക് 10 കോടി പാരിതോഷികം പ്രഖ്യാപിച്ചതില്‍ മറുപടിയുമായി ഉദയ്‌നിധി സ്റ്റാലിന്‍
ചെന്നൈ: സനാതന്‍ ധര്‍മ പരാമര്‍ശത്തില്‍ തലയെടുക്കുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന അയോധ്യയിലെ ഹിന്ദു സന്യാസിയുടെ ഭീഷണിക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രി ഉദയ്‌നിധി സ്റ്റാലിന്‍. ഇത്തരം ഭീഷണികളിലൊന്നും ആശങ്കപ്പെടുന്നില്ലെന്നും തമിഴ്‌നാടിന് വേണ്ടി ജീവന്‍ പണയപ്പെടുത്തിയ മനുഷ്യന്റെ ചെറുമകനാണ് താനെന്നും ഉദയ്‌നിധി പറഞ്ഞു. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന , തമിഴകത്തെ നവോത്ഥാന നായകനെന്ന വിശേഷിപ്പിക്കുന്ന പെരിയാര്‍ ആരംഭിച്ച ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കരുണാനിധിയുടെ ചെറുമകനാണ് ഉദയ് നിധി സ്റ്റാലിന്‍. തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ ഉദയം അടയാളപ്പെടുത്തിയ 1953ലെ സംഭവത്തെയാണ് ഉദയ്‌നിധി സ്റ്റാലിന്‍ പരാമര്‍ശിച്ചത്. സിമന്റ് ഫാക്ടറി പണിയുന്ന ഡാല്‍മിയസിന്റെ വ്യവസായ കുടുംബത്തിന്റെ പേരുമാറ്റി ഗ്രാമത്തിന്റെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് കരുണാനിധിയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു.
ഉദയ്‌നിധി സ്റ്റാലിന്റെ തല വെട്ടി കൊണ്ടുവരുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്നും അതിന് ആരും തയ്യാറാവുന്നില്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്യുമെന്നും അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ പ്രധാന പൂജാരി പരമഹന്‍സ് ആചാര്യ പറഞ്ഞിരുന്നു. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, സനാതന്‍ ധര്‍മ മലേറിയെയും ഡെങ്കിയെയും പോലെ ഉന്‍മൂലനം ചെയ്യപ്പെടേണ്ടതാണെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിനെ വംശഹത്യയ്ക്കുള്‌ല ആഹ്വാനമാണെന്ന പ്രചാരണവുമായി ബിജെപിയും ഹിന്ദുത്വരും രംഗത്തെത്തിയതിനു പിന്നാലെയാണ് തലയെടുക്കുന്നവര്‍ക്ക് സന്യാസി പാരിതോഷികം പ്രഖ്യാപിച്ചത്. എന്റെ തല ചീകാന്‍ ഒരു 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു ഉദയ് നിധിയുടെ പരിഹാസ്യം.
ബിജെപിയാവട്ടെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിവാദം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. പുതുതായി രൂപീകരിച്ച പതിപക്ഷ സഖ്യമായ ഇന്‍ഡ്യയിലും പരാമര്‍ശം വിള്ളലുണ്ടാക്കിയിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും അഭിപ്രായത്തെ തള്ളിക്കളഞ്ഞപ്പോള്‍, കോണ്‍ഗ്രസ് സൂക്ഷ്മമായ നിലപാടാണ് സ്വീകരിച്ചത്. പ്രധാന പാര്‍ട്ടികളിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മൗനം പാലിക്കുകയാണ്. ഇതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചത്. ബിജെപിയുടെ വംശഹത്യാ ആരോപണം വ്യാജമാണെന്ന് പറഞ്ഞ ഉദയ് 'പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് മുക്ത് ഭാരതിനെക്കുറിച്ച് സംസാരിക്കുന്നു. അതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് അംഗങ്ങളുടെ വംശഹത്യയാണോ എന്നാണ് മറുപടി നല്‍കിയത്. 'ഞങ്ങള്‍ ഒരു തത്ത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്താണ് സനാതന ധര്‍മ്മം. അത് ശാശ്വതവും മാറ്റമില്ലാത്തതുമാണ്. നമ്മുടെ ദ്രാവിഡ മാതൃക എല്ലാത്തിലും മാറ്റം വരുത്തുന്നതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ സ്ത്രീകള്‍ പഠിക്കരുതെന്ന് പറഞ്ഞു. സ്ത്രീകള്‍ അവരുടെ മേല്‍ ശരീരം മറയ്ക്കരുതെന്ന് പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കി. ഞങ്ങള്‍ എല്ലാം മാറ്റി, ഇതാണ് ദ്രാവിഡ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിയാറിന്റെ യുക്തിവാദ തത്വങ്ങളില്‍ സ്ഥാപിതമായ ഡിഎംകെ പതിറ്റാണ്ടുകളായി സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നുണ്ട്.