പള്ളികള്‍ പെട്ടെന്ന് തുറക്കരുതെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

'നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍'.

Update: 2020-05-25 06:32 GMT

കോഴിക്കോട്: കൊവിഡ് 19 രോഗം കേരളത്തിലും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പള്ളികള്‍ പെട്ടെന്ന് തുറക്കാനാവശ്യപ്പെടുന്നത് കൂടുതല്‍ ആപത്തുകളുണ്ടാക്കുമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ വിശ്വാസികളോടാവശ്യപ്പെട്ടു. ഇവ്വിഷയകമായി മുഖ്യമന്ത്രി മുസ്‌ലിം സംഘടനാ നേതാക്കളുമായി നടത്തിയ അഭിമുഖത്തില്‍ എല്ലാവരും അംഗീകരിച്ചതും വൈറസ് വ്യാപനം അവസാനിക്കുന്നത് വരെ പള്ളികള്‍ അടച്ചിടാം എന്ന് തന്നെയാണ്. എന്നാല്‍ കടകളും മാളുകളും തുറക്കാന്‍ അനുമതി നല്‍കിയത് പോലെ പള്ളികളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കണമെന്ന് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും ഒരു നിര്‍ദ്ദേശവും അടിച്ചേല്‍പ്പിച്ചിട്ടില്ല. മറിച്ച് കേരളത്തിലെ എല്ലാ മത സംഘടനാ നേതാക്കളും നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇപ്പോഴത്തെ നില തുടരാന്‍ തീരുമാനിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യക്തിയെന്ന നിലക്ക് എനിക്ക് പറയാന്‍ സാധിക്കും. ആദ്യം സംസാരിച്ച സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാരാണ് നിലവിലുള്ള അവസ്ഥ തുടരുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച എല്ലാവരും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി അതംഗീകരിക്കുക മാത്രമാണുണ്ടായത്.

രോഗബാധ കുറഞ്ഞ് സാധാരണ അവസ്ഥയിലെത്തിയാല്‍ നമുക്ക് വീണ്ടും യോഗം ചേര്‍ന്ന് ആലോചിച്ച് വേണ്ടത് തീരുമാനിക്കാമെന്നാണ് അന്ന് ധാരണയായത്. പെരുന്നാളിനോടനുബന്ധിച്ച് മക്കയിലും മദീനയിലുമുള്‍പ്പെടെ സഊദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കര്‍ഫ്യു ശക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് നാമോര്‍ക്കണം. നമ്മുടെ സര്‍ക്കാറും ആരോഗ്യ വകുപ്പും മനുഷ്യന്റെ ജീവനും ആരോഗ്യവും നിലനിര്‍ത്താനായി കഷ്ടപ്പെടുകയാണ്. അതിനിടയില്‍ മത ചടങ്ങുകളുടെ പേര് പറഞ്ഞ് വിശ്വാസികളുടെ വൈകാരികതയെ ഉപയോഗപ്പെടുത്തി ആരോഗ്യ രംഗത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നത് കഷ്ടമാണ്. പള്ളികളില്‍ നിന്ന് കൊറോണ പ്രചരിക്കുന്ന അവസരമുണ്ടാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അതിനാല്‍ ഇപ്പോള്‍ തന്നെ പള്ളികള്‍ തുറക്കുന്നമെന്ന് മുറവിളി കൂട്ടുന്നത് ശരിയല്ലെന്നും ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 

Tags:    

Similar News