സിബിഐയ്ക്കു കൂച്ചുവിലങ്ങിട്ട് സുപ്രിംകോടതിയും; അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം
എന്നാല്‍, സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ അനുമതി കൂടാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രിം കോടതി. സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐക്ക് തടസമില്ല.
ഉത്തര്‍പ്രദേശിലെ ഒരു കേസിലാണ് സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവ്. സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ നേരത്തെ പല കേസുകളിലും സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ അനുമതിയില്ലാതെ കേസ് അന്വേഷിക്കുന്നതിന് സിബിഐക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവില്‍ കേരളവും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഈ ഉത്തരവ് ബാധകമാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.