മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാം : സുപ്രിംകോടതി

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിംകോടതി തള്ളി.

Update: 2020-05-08 09:47 GMT

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യം ഓണ്‍ലൈനിലൂടെ ഹോം ഡെലിവറിയായി നല്‍കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിംകോടതി തള്ളി. മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപുട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.

അതേസമയം മദ്യം ഹോം ഡെലിവറിയായി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കോടതിക്കാകില്ലെന്നും, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബിആര്‍ ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് മദ്യം ഓണ്‍ലൈന്‍ വഴി ഹോം ഡെലിവറിയായി നല്കാന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. കോടതി നിര്‍ദേശ പ്രകാരം പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപോര്‍ട്ടുകള്‍. പലയിടത്തും വലിയ തിരക്കാണ് മദ്യശാലകള്‍ക്ക് മുന്നില്‍ അനുഭവപ്പെടുന്നത്.അതേസമയം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല.



Tags:    

Similar News