ഗുരുതര കൊവിഡ് രോഗികളില്‍ സ്റ്റിറോയ്ഡ് ചികില്‍സ ഫലപ്രദമെന്ന് പഠനം
മരണ സാധ്യത 20 ശതമാനം വരെ കുറയുന്നു എന്നാണ് കണ്ടെത്തല്‍. ഈ പഠനം ശരിവെച്ച് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു.
ഗുരുതരമായ കൊവിഡ് രോഗികളില്‍ കൊര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്നത് മരണ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനം. ഏഴ് രാജ്യാന്തര ട്രയലുകള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ നിഗമനത്തില്‍ എത്തിയത്. മരണ സാധ്യത 20 ശതമാനം വരെ കുറയുന്നു എന്നാണ് കണ്ടെത്തല്‍. ഈ പഠനം ശരിവെച്ച് ചികിത്സയ്ക്ക് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു.
കുറഞ്ഞ ഡോസ് ഹൈഡ്രോകോര്‍ട്ടിസോണ്‍, ഡെക്‌സാമെതസോണ്‍, മെത്തിലില്‍പ്രെഡ്‌നിസലോണ്‍ എന്നിവയുടെ പരീക്ഷണങ്ങളെ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരിലായിരുന്നു ഈ സ്്റ്റിറോയ്ഡുകള്‍ പ്രയോഗിച്ചത്. അവരുടെ അതിജീവന തോത് കൂടിയ നിലയിലായി എന്ന് ഇതിലൂടെ കണ്ടെത്തി.
്സ്റ്റിറോയ്ഡുകളുടെ ചികിത്സ ലഭിച്ചവരില്‍ 68 ശതമാനം പേര്‍ അതിജീവിക്കുന്നതായാണ് കണ്ടെത്തിയത്. അതിന്റെ അഭാവത്തില്‍ ചികിത്സനേടിയവരില്‍ 60 ശതമാനം പേരില്‍ മാത്രമാണ് അതിജീവനം സാധ്യമായത്. ഗവേഷണത്തിന് നേതൃത്വം കൊടുത്തവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ പഠനം അംഗീകരിച്ച് ഗുരുതരമായ രോഗികളില്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതായി ഡബ്ല്യുഎച്ച്ഒ ക്ലിനിക്കല്‍ കെയര്‍ ലീഡ് ജാനറ്റ് ഡയസ് അറിയിച്ചു. കോര്‍ട്ടിസ്റ്റിറോയ്ഡുകള്‍ നല്‍കിയാല്‍ 1000 രോഗികളില്‍ മരണ നിരക്ക് 87 കുറവാണെന്ന് തെളിവുകള്‍ നല്കുന്നതായി ഈ പഠനത്തെ അംഗീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അറിയിച്ചു.