ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്; സംഘര്‍ഷം, വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ച് അധികൃതര്‍
ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ കല്ലേറ്. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലുമായിരുന്നു വിദ്യാര്‍ഥികള്‍ ഡോക്യുമെന്ററി കണ്ടത്. വിദ്യാര്‍ഥി യൂനിയന്‍ ഓഫിസിലെ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേതിച്ചതിനാല്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശനം നടക്കാതെ പോവുകയായിരുന്നു. തുടര്‍ന്നാണ് പ്രദര്‍ശനം ലാപ്‌ടോപ്പിലും മൊബൈലിലുമാക്കിയത്. ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കാംപസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്ററി പ്രദര്‍ശനം തടസ്സമാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്.
'2023 ജനുവരി 24ന് രാത്രി 9 മണിക്ക് 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജെഎന്‍യുഎസ്‌യുവിന്റെ പേരില്‍ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെഎന്‍യു അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവര്‍ത്തനം യൂനിവേഴ്‌സിറ്റി കാംപസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കില്‍ യൂനിവേഴ്‌സിറ്റി നിയമപ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും'- എന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, പ്രദര്‍ശനവുമായി വിദ്യാര്‍ഥികള്‍ മുന്നോട്ടുപോവുകയായിരുന്നു. അതിനിടയിലാണ് വിദ്യാര്‍ഥികള്‍ക്ക് നേരേ കല്ലേറുണ്ടാവുന്നത്. പ്രദര്‍ശനം തടയുന്നതിനായി കോളജ് അധികൃതര്‍ വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിക്കുകയും ചെയ്തു. തുടര്‍ന്ന് കോളജില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നതോടെ പോലിസും സ്ഥലത്തെത്തി. ഒടുവില്‍ പോലിസിന് പരാതി നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് പോലിസ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. കല്ലേറില്‍ പരിക്കേറ്റവര്‍ പ്രത്യേകം പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ജെഎന്‍യു കാംപസിലെ വൈദ്യുതി അധികൃതര്‍ പുനസ്ഥാപിച്ചു. മൂന്നര മണിക്കൂറിനു ശേഷമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.