കണ്ണൂരില്‍ ട്രെയിനിനു നേരെ കല്ലെറിയുന്നത് തുടര്‍ക്കഥയാവുന്നു; വന്ദേഭാരത് എക്‌സ്പ്രസിനു നേരേ കല്ലേറ്
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരേ വീണ്ടും കല്ലേറ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ബുധനാഴ്ച വൈകീട്ട് 3.49ഓടെയാണ് കല്ലേറുണ്ടായത്. തലശ്ശേരിക്കും മാഹിക്കും ഇടയിലാണ് സംഭവം. സി എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. ആര്‍പിഎഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസവും കണ്ണൂരിലെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരെ പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയില്‍ കല്ലേറുണ്ടായിരുന്നു. ഇതിന് തലേന്ന് രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസിന്റെ എസി കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ കല്ലേറുണ്ടായി. അന്നുതന്നെ മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റും ആക്രമിക്കപ്പെട്ടു. കണ്ണൂരിനും കണ്ണൂര്‍ സൗത്ത് സ്‌റ്റേഷനും ഇടയിലാണ് ആക്രമണമുണ്ടായത്.