കുതിരപ്പുറത്ത് പോവുകയായിരുന്ന ദലിത് വരന് നേരെ കല്ലേറ്; മൂന്നു സവര്‍ണര്‍ക്കെതിരെ കേസ്

Update: 2025-04-27 04:14 GMT
കുതിരപ്പുറത്ത് പോവുകയായിരുന്ന ദലിത് വരന് നേരെ കല്ലേറ്; മൂന്നു സവര്‍ണര്‍ക്കെതിരെ കേസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ തിക്കാമാര്‍ഗ് ജില്ലയിലെ മോഖ്ര ഗ്രാമത്തില്‍ കുതിരപ്പുറത്ത് പോവുകയായിരുന്ന ദലിത് വരന് നേരെ കല്ലേറ്. റാച്ച് എന്ന പേരില്‍ അറിയപ്പെടുന്ന വിവാഹഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് പോവുമ്പോഴാണ് സവര്‍ണര്‍ കല്ലേറ് നടത്തിയത്. ജിതേന്ദ്ര അഹിര്‍വാര്‍ എന്ന ദലിത് യുവാവാണ് ആക്രമണത്തിന് ഇരയായത്. ഭാന്‍ കന്‍വാര്‍ രാജ പര്‍മാര്‍ എന്ന സവര്‍ണ യുവതിയാണ് ആദ്യം രംഗത്തെത്തിയത്. താഴ്ന്ന ജാതിയിലെ ആളുകള്‍ കുതിരപ്പുറത്ത് കയറുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് സവര്‍ണരായ സൂര്യ പാല്‍, ദ്രിഗ് പാല്‍ എന്നിവര്‍ കൂടി രംഗത്തെത്തി. മൂന്നുപേരും കൂടിയാണ് ജിതേന്ദ്രയെയും വിവാഹ പാര്‍ട്ടിയെയും കല്ലെറിഞ്ഞത്. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

റോഡിലൂടെ പോവുമ്പോള്‍ മൂന്നുപേര്‍ കല്ലെറിയുകയായിരുന്നുവെന്ന് ജിതേന്ദ്ര പറഞ്ഞു. അവരുടെ പ്രദേശങ്ങളില്‍ ദലിതര്‍ ചെരുപ്പ് പോലും ഇടരുതെന്നാണ് നിര്‍ദേശം. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി ബഡാഗാവ് പോലിസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് നരേന്ദ്ര വെര്‍മ പറഞ്ഞു. ഭാന്‍ കന്‍വാര്‍ രാജ പര്‍മാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേര്‍ ഒളിവിലാണ്.

Similar News