ഫലസ്തീന്‍ വംശഹത്യ അവസാനിപ്പിക്കുക; എസ്ഡിപിഐ തലശ്ശേരിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Update: 2024-05-29 05:38 GMT

തലശ്ശേരി: ഫലസ്തീനിലെ വംശഹത്യ അവസാനിപ്പിക്കുക, ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ക്രൂരതയാണ് ഇസ്രായേല്‍ ഫലസ്തീനിലെ ഗസയിലും റഫയിലും ചെയ്തു കൂട്ടുന്നതെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പായ വിരിച്ച് കെട്ടിയ താല്‍ക്കാലിക ടെന്റുകളിലേക്കാണ് ടണ്‍ കണക്കിന് വരുന്ന ബോംബുകള്‍ ഇസ്രായേല്‍ വര്‍ഷിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ അനുസരിച്ചില്ല. അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടും കീഴൊതുങ്ങാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഫലസ്തീനികള്‍ ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്. തകര്‍ന്ന് തരിപ്പണമായ വടക്കന്‍ ഗസയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ടെല്‍ അവീവിലേക്ക് അവര്‍ മിസൈല്‍ തൊടുത്തത്. അതാണവരുടെ പോരാട്ട വീര്യമെന്നും അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ഇബ്രാഹീം കൂത്തുപറമ്പ്, സി കെ ഉമ്മര്‍ മാസ്റ്റര്‍, അഡ്വ. കെ സി ഷബീര്‍, റഫീഖ് കീച്ചേരി, പി ടി വി ഷംസീര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സമീറ സംസാരിച്ചു.

Tags:    

Similar News