പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക: ഉലമ സംയുക്ത സമിതി
ഇന്ത്യ എന്ന മഹത്തായ ആശയത്തെ താങ്ങിനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ചേ മതിയാവൂ അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ വിജ്ഞാപനമിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഭരണഘടനയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും അത് പിന്‍വലിക്കും വരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മഹല്ലുകളും മതേതര കൂട്ടായ്മകളും ഇടതടവില്ലാത്ത സമരങ്ങളുമായി തെരുവിലുണ്ടാവണമെന്നും ഉലമ സംയുക്ത സമിതി ചെയര്‍മാന്‍ എസ് അര്‍ഷദ് അല്‍ഖാസിമി ആഹ്വാനം ചെയ്തു. ഭരണഘടനാവിരുദ്ധവും വംശവെറിയില്‍ അധിഷ്ഠിതവുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യം മുഴുവന്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിട്ടും ജനവികാരം കണക്കിലെടുക്കാതെയും കോടതി വിധിക്ക് കാത്തുനില്‍ക്കാതെയും നിയമം നടപ്പാക്കാന്‍ ധൃതിപ്പെട്ട് വിജ്ഞാപനമറക്കിയ ഭരണകൂട നടപടി അങ്ങേയറ്റം ധിക്കാരപരവും രാജ്യത്തെ അപകടപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തില്‍ മഹല്ല് നേതൃത്വവും സമുദായ സംഘടനകളും മതേതര പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും സാമൂഹിക കൂട്ടായ്മകളും വെവ്വേറെയായും സംയുക്തമായും ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എന്ന മഹത്തായ ആശയത്തെ താങ്ങിനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ചേ മതിയാവൂ അദ്ദേഹം പറഞ്ഞു.