കണ്ണൂര്‍: രാജ്യത്ത് ഫാഷിസത്തിന്റെ ഭീഷണിക്കെതിരേ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഫാഷിസത്തിന്റെ ഭീഷണി കേവലം രാജ്യത്തെ ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. അതിന്റെ കെടുതി രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് അനുസ്മരണവും 'ഇന്ത്യന്‍ രാഷ്ട്രീയം; വര്‍ത്തമാനം, ഭാവി' എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്ര വര്‍ഗീയത ഉയര്‍ത്തി ബിജെപി പ്രചാരണം നടത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനു പകരം അവര്‍ ഉയര്‍ത്തിയ അജണ്ടകള്‍ക്കു പിന്നാലെ പായുകയായിരുന്നു രാജ്യത്തെ മതേതര കക്ഷികള്‍. രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളായ നോട്ട് നിരോധനം, കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ, ജിഎസ്ടി തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതില്‍ പ്രതിപക്ഷ കക്ഷികള്‍ പരാജയപ്പെടുകയായിരുന്നു. ഇതാണ് വീണ്ടും വര്‍ഗീയ വാദികളെ തന്നെ അധികാരത്തിലെത്തിക്കാന്‍ സഹായിച്ചത്.
തിരഞ്ഞെടുപ്പു ഫലം നിരാശക്കുള്ളതല്ല. ഫാഷിസ്റ്റ് മുന്നേറ്റത്തിലൂടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനതയിലേയ്ക്ക് ഇറങ്ങി ചെല്ലണം. അവരെ അവകാശ ബോധമുള്ളവരാക്കുകയും സമരസജ്ജരാക്കുകയും വേണം. രാജ്യതാല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനായി കൂട്ടായ പോരാട്ടത്തിനു തയ്യാറാവുകയെന്നതാണ് രാജ്യത്തെ മതേതര കക്ഷികളുടെ ഉത്തരവാദിത്വമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.
ദേശീയ സമിതി അംഗം ഇ എം അബ്ദുര്‍ റഹ്മാന്‍ എ സഈദ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
'ഇന്ത്യന്‍ രാഷ്ട്രീയം; വര്‍ത്തമാനം, ഭാവി' എന്ന വിഷയത്തില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയില്‍ ദേശീയ സെക്രട്ടറിയേറ്റ് അംഗം പ്രഫ. പി കോയ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്, ആര്‍ പി പാണ്ഡേ, ദേശീയ സമിതി അംഗം തസ്‌ലിം അഹമ്മദ് റഹ്്മാനി, ദേശീയ വൈസ് പ്രസിഡന്റുമാരായ ദഹ്‌ലാന്‍ ബാഖവി, പ്രഫ. നസ്‌നീം ബീഗം, ദേശീയ ട്രഷറര്‍ അഡ്വ. സാജിദ് സിദ്ധീഖി, ദേശീയ സമിതി അംഗം ഇല്യാസ് മുഹമ്മദ് തുംബേ, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് സംസാരിച്ചു.