വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം: കോതമംഗലം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
എറണാകുളം റൂറല്‍ എസ്പിയാണ് എസ്‌ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചി: വിദ്യാര്‍ത്ഥിയെ സ്‌റ്റേഷനിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ കോതമംഗലം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എറണാകുളം റൂറല്‍ എസ്പിയാണ് എസ്‌ഐ മാഹിന്‍ സലിമിനെ സസ്‌പെന്‍ഡ് ചെയ്തത്.
എസ്എഫ്‌ഐ പ്രവര്‍ത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
കോതമംഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലിസ് ഏതാനും വിദ്യാര്‍ഥികളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയെയാണ് പോലിസ് മര്‍ദ്ദിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍, സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷന്‍ പറഞ്ഞു. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പോലിസ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. റോഷന്റെ കേള്‍വിക്ക് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്എഫ്‌ഐ മുന്നോട്ട് വന്നിട്ടുണ്ട്.