അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; യുപിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

Update: 2022-07-27 16:00 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനമേറ്റ് മരിച്ചതായി ബന്ധുക്കളുടെ പരാതി. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

ശനിയാഴ്ച്ചയാണ് ദില്‍ഷാന്‍ എന്ന പതിനഞ്ചുകാരന്‍ ഒമ്പതാംക്ലാസില്‍ പ്രവേശനം നേടാനായി ആര്‍ എസ് ഇന്റര്‍ കോളജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയത്. ദില്‍ഷാന്‍ വാച്ച് മോഷ്ടിക്കുന്നത് കണ്ടെന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകന്‍ ശിവകുമാര്‍ യാദവ് കുട്ടിയെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ചെന്നാണ് അച്ഛന്‍ ജഹാംഗീര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

വീട്ടിലെത്തിയ ദില്‍ഷാന്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ചയാണ് ദില്‍ഷാന്‍ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാണ്‍പൂരില്‍ അധ്യാപകനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാണ്‍പൂര്‍ എസ്പി കുന്‍വര്‍ അനുപം സിംഗ് അറിയിച്ചു.

എന്നാല്‍ മരിച്ച ദില്‍ഷാനെ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ക്ഷയരോഗബാധിതനായിരുന്നുവെന്ന റിപോര്‍ട്ടുകള്‍ ബന്ധുക്കള്‍ തള്ളിയിട്ടുണ്ട്.

Tags:    

Similar News