എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥികളെ നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചെന്ന്; ഏഴു പ്രഫസര്‍മാര്‍ക്കെതിരെ കേസ്, പരാതി നല്‍കാനെത്തിയത് ഹിന്ദുത്വര്‍ക്കൊപ്പം
പ്രഫസര്‍മാരായ ദിലീപ് ഝാ, മധുലിക സിങ്, ജ്യോതി വര്‍മ, നീരജ് കുമാരി, പ്രശാന്ത് വൈഷ്ണവ്, സൂര്യബെന്‍ സിങ്, ബസന്ത് കുമാര്‍, വിദ്യാര്‍ഥി നേതാവ് ആയുഷ്മാന്‍ ചൗധരി എന്നിവരാണ് പ്രതികളെന്ന് പോലിസ് അറിയിച്ചു

റായ്പൂര്‍: എന്‍എസ്എസ് ക്യാമ്പിനിടെ വിദ്യാര്‍ഥികളെ നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചെന്ന പരാതിയില്‍ ഏഴു പ്രഫസര്‍മാര്‍ അടക്കം എട്ടു പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ ഗുരു ഗാസിദാസ് കേന്ദ്ര സര്‍വകലാശാലയിലെ ഏഴു പ്രഫസര്‍മാര്‍ക്കും ടീം ലീഡര്‍ക്കും എതിരെയാണ് കേസ്. പ്രഫസര്‍മാരായ ദിലീപ് ഝാ, മധുലിക സിങ്, ജ്യോതി വര്‍മ, നീരജ് കുമാരി, പ്രശാന്ത് വൈഷ്ണവ്, സൂര്യബെന്‍ സിങ്, ബസന്ത് കുമാര്‍, വിദ്യാര്‍ഥി നേതാവ് ആയുഷ്മാന്‍ ചൗധരി എന്നിവരാണ് പ്രതികളെന്ന് പോലിസ് അറിയിച്ചു.
എന്‍എസ്എസ് കാംപില്‍ പങ്കെടുത്ത 155 വിദ്യാര്‍ഥികളെ മാര്‍ച്ച് 31ന് ഈദ് ദിനത്തില്‍ നമസ്‌കരിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് രണ്ടു വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദുത്വ സംഘടനയുടെ അംഗങ്ങള്‍ക്കൊപ്പമെത്തിയാണ് അവര്‍ പരാതി നല്‍കിയത്.
''ക്യാംപിന്‍െ ഭാഗമായി വിദ്യാര്‍ഥികളെ യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്യിച്ചിരുന്നു. അന്ന് ഈദ് ആയതിനാല്‍ ചില മുസ്‌ലിം വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ നമസ്‌കരിക്കുന്നുണ്ടായിരുന്നു. മറ്റു വിദ്യാര്‍ഥികളോടും കൂടെ നമസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ സമ്മതം ചോദിക്കാതെയാണ് ഇത് പറഞ്ഞതെന്നാണ് ആരോപണം.''-കോട്ട പോലിസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കല്‍, ദേശീയ ഐക്യത്തിന് വിഘാതം സൃഷ്ടിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.