രാജകുമാരിയുടെ ഇടപെടല്‍; യുഎഇയിലെ പരിപാടിയില്‍നിന്ന് സുധീര്‍ ചൗധരിയെ ഒഴിവാക്കി
അബുദബി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പാനലില്‍ നിന്ന് സുധീര്‍ ചൗധരിയെ ഒഴിവാക്കിയതായി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം ട്വിറ്ററില്‍ കുറിച്ചു.
അബുദബി: യുഎഇ രാജകുമാരി തീവ്രവാദിയെന്ന് വിളിച്ചതിന് പിന്നാലെ വിവാദ ഇന്ത്യന്‍ ടെലിവിഷന്‍ അവതാരകനായ സീ ന്യൂസിലെ സുധീര്‍ ചൗധരിയെ അബുദാബിയിലെ ഒരു പരിപാടിയുടെ സ്പീക്കേഴ്‌സ് പാനലില്‍ നിന്ന് ഒഴിവാക്കി. ചൗധരിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായി യുഎഇ രാജകുമാരി തന്നെയാണ് അറിയിച്ചത്. അബുദബി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ പാനലില്‍ നിന്ന് സുധീര്‍ ചൗധരിയെ ഒഴിവാക്കിയതായി ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിം ട്വിറ്ററില്‍ കുറിച്ചു.
സംഘടനയുടെ വരാനിരിക്കുന്ന പരിപാടിയിലേക്ക് ചൗധരിയെ സ്പീക്കറായി ക്ഷണിക്കാനുള്ള തീരുമാനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ അബുദബി ചാപ്റ്ററിലെ അംഗങ്ങളില്‍ നിന്നുള്ള പ്രതിഷേധ കുറിപ്പും രാജകുമാരി പങ്കുവച്ചു.
'ഐസിഎഐയുടെ അബുദബി ചാപ്റ്ററിലെ താഴെ ഒപ്പിട്ട അംഗങ്ങളായ ഞങ്ങള്‍, ചാപ്റ്ററിന്റെ വരാനിരിക്കുന്ന സെമിനാറില്‍ വിവാദ പത്രപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിയെ സ്പീക്കര്‍മാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ നിരാശയും വിയോജിപ്പും പ്രകടിപ്പിക്കുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നതെന്ന്' അവര്‍ പ്രതിഷേധക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കത്തില്‍ ഒപ്പിട്ടവര്‍ സീ ന്യൂസ് അവതാരകന്റെ 'ക്രിമിനല്‍ പ്രവര്‍ത്തികള്‍' എടുത്തുകാണിച്ചു. സുധീര്‍ ചൗധരി പ്രഫഷണല്‍ അല്ലാത്ത പത്രപ്രവര്‍ത്തനങ്ങളിലും ക്രിമിനല്‍ ദുഷ്പ്രവൃത്തികളിലും ഏര്‍പ്പെട്ടതായി അവര്‍ ചൂണ്ടിക്കാട്ടി.
തന്റെ ടിവി സംപ്രേക്ഷണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുന്നതില്‍ ചൗധരിയുടെ പങ്ക് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെ യുഎഇയിലേക്ക് ക്ഷണിക്കാനുള്ള തീരുമാനത്തോട് ശനിയാഴ്ച ഹിന്ദ് രാജകുമാരി ശക്തമായി പ്രതികരിച്ചിരുന്നു.
ചൗധരിയെ 'ഭീകരന്‍' എന്ന് അഭിസംബോധന ചെയ്ത യുഎഇ രാജകുമാരി, വിവാദ ടിവി അവതാരകന്‍ ഇസ്ലാമിനെയും അതിന്റെ അനുയായികളെയും അപകീര്‍ത്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് സംഘാടകനെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം വളര്‍ത്തുന്നതില്‍ ചൗധരി ഇന്ത്യന്‍ ടിവി അവതാരകരില്‍ മുന്‍പന്തിയിലാണ്. 2020ല്‍ കൊറോണ വൈറസ് പടര്‍ത്തുന്നതിന് ഇന്ത്യന്‍ മുസ്ലീങ്ങളെ കുറ്റപ്പെടുത്തി അവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു കാംപയിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു.