ഹലാല്‍ വിവാദത്തില്‍ തുഷാര അജിത്തിന് പിന്തുണ; മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍ തലയൂരി
സംഘര്‍ഷമുണ്ടായത് പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്നും പോലിസ് വ്യക്തമാക്കിയതോടെയാണ് രാഹുല്‍ ഈശ്വര്‍ ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിതനായത്.
കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും വനിത സംരംഭകയെ ആക്രമിച്ചെന്ന കെട്ടിച്ചമച്ച വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തുവന്നതോടെ അവര്‍ക്ക് പിന്തുണ നല്‍കിയതില്‍ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു. കൊച്ചിയില്‍ ഹോട്ടലില്‍ പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് തനിക്ക് മര്‍ദ്ദനമേറ്റെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍, സംഘര്‍ഷമുണ്ടായത് പന്നിയിറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ടല്ലെന്നും മറിച്ച് കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്നും പോലിസ് വ്യക്തമാക്കിയതോടെയാണ് രാഹുല്‍ ഈശ്വര്‍ ക്ഷമാപണം നടത്താന്‍ നിര്‍ബന്ധിതനായത്.
നേരത്തേ, യുവതിക്ക് മര്‍ദ്ദനമേറ്റെന്ന പ്രചാരണത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ സംഭവം ട്വീറ്റ് ചെയ്യുകയും ഇതിന്റെ ചുവട് പിടിച്ച് നിരവധി പേര്‍ ഇസ്‌ലാമിനെതിരേ അസഭ്യ വര്‍ഷവുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.
അതിനിടെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി പോലിസ് തന്നെ മുന്നോട്ട് വന്നത്. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിരവധി സുഹൃത്തുക്കളും വിശ്വസിച്ചെന്നും ക്ഷമ ചോദിക്കുന്നെന്നുമായിരുന്നു രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ്. നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും അക്രമിക്കപ്പെട്ടെന്നായിരുന്നു തുഷാര അജിത്തിന്റെ വാദം. ഇത് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘപരിവാറുകാരും ഏറ്റെടുത്തിരുന്നു.
യുവാക്കള്‍ കൈവശം വെച്ചിരുന്ന കടമുറി ലഭിക്കാനായി യുവതിയും സഹായിയും യുവാക്കളെ അക്രമിക്കുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. ഈ സംഭവത്തില്‍ യുവതിക്കെതിരേ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലിസ് കേസെടുക്കുകയും ചെയ്തു. തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്‌റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്നും പോലിസ് വ്യക്തമാക്കി.
കഫേയ്ക്ക് മുന്നില്‍ വെച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുഷാരയ്‌ക്കൊപ്പമുണ്ടായിരുന്നവരാണ് നകുലിന്റെ കാലിന് മാരകായുധം ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്.