സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസ്സിന് അപേക്ഷിക്കാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഐപിഎസ്സിന് പുറമെ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാ സേന (IRPFS), ഡല്‍ഹി, ദാമന്‍ ആന്റ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷ്വദീപ് പോലിസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രിംകോടതി അനുമതി നല്‍കി. സുപ്രിംകോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍.
സന്നദ്ധസംഘടനായ നാഷനല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസബിള്‍ഡ് നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചിരുന്നു.
ഹരജിയില്‍ മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറല്‍ ഓഫ് തുഷാര്‍ മേത്തയും ആവശ്യപ്പെട്ടിരുന്നുു. സിവില്‍ സര്‍വീസസ് പരീക്ഷ വിജയിച്ചവര്‍ക്ക് ഏത് സര്‍വീസില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് വ്യക്തമാക്കി അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി വ്യാഴാഴ്ചയായിരുന്നു. എന്നാല്‍, ഭിന്നശേഷിക്കാര്‍ക്ക് ഏപ്രില്‍ ഒന്നിന് നാല് മണിവരെ അപേക്ഷ നല്‍കാന്‍ സുപ്രിംകോടതി സമയം അനുവദിച്ചു. യുപിഎസ്‌സി സെക്രട്ടറി ജനറലിന് നേരിട്ടോ കൊറിയര്‍ മുഖേനെയോ ആണ് അപേക്ഷ നല്‍കേണ്ടത്.