''നാസിക്കിലെ ദര്‍ഗ പൊളിക്കുന്നതിനെതിരായ ഹരജി എന്തു കൊണ്ട് അതിവേഗം പരിഗണിച്ചില്ല?'' ബോംബെ ഹൈക്കോടതിയോട് ചോദ്യമുന്നയിച്ച് സുപ്രിംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നാസിക്കിലെ ഹസാറത്ത് സത്പീര്‍ സയ്യിദ് ബാബ ദര്‍ഗ പൊളിക്കുന്നതിനെതിരായ ഹരജി എന്തു കൊണ്ട് അതിവേഗം പരിഗണിച്ചില്ലെന്ന് ബോംബെ ഹൈക്കോടതിയോട് ചോദ്യമുന്നയിച്ച് സുപ്രിംകോടതി. നാസിക് നഗരസഭ നല്‍കിയ പൊളിക്കല്‍ നോട്ടിസിനെ ചോദ്യം ചെയ്ത് ദര്‍ഗ അധികൃതര്‍ നല്‍കിയ ഹരജി പരിഗണിക്കാതെ മാറ്റിയതിനെയാണ് സുപ്രിംകോടതി ചോദ്യം ചെയ്തിരിക്കുന്നത്.
ഏപ്രില്‍ ഒന്നിന് നഗരസഭ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഏപ്രില്‍ ഏഴിന് ദര്‍ഗ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കേസ് അതിവേഗം കേള്‍ക്കണമെന്ന ആവശ്യം ഏപ്രില്‍ ഒമ്പതിന് ഹൈക്കോടതി നിരസിച്ചു. ഇതേതുടര്‍ന്നാണ് ദര്‍ഗ അധികൃതര്‍ സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്ത ഏപ്രില്‍ 16 വരെ ഹൈക്കോടതി കേസ് പരിഗണിച്ചില്ലെന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹയും ജോയ്മല്യ ബാഗ്ച്ചിയും അദ്ഭുദം പ്രകടിപ്പിച്ചു. തുടര്‍ന്ന് നഗരസഭയുടെ പൊളിക്കല്‍ നോട്ടിസ് സ്‌റ്റേ ചെയ്തു.
ദര്‍ഗ അധികൃതരുടെ അഭിഭാഷകന്‍ നിരന്തരം ശ്രമിച്ചിട്ടും ഹൈക്കോടതി കേസ് ലിസ്റ്റ് ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് നോട്ടിസ് സ്‌റ്റേ ചെയ്യുന്നതെന്ന് സുപ്രിംകോടതി പറഞ്ഞു. ഹരജിയുടെ ലിസ്റ്റ് ചെയ്യുന്ന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേസ് ഏപ്രില്‍ 21ന് വീണ്ടും പരിഗണിക്കും. അതേസമയം, ഈ ദര്‍ഗയുടെ വിവിധ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം നഗരസഭ പൊളിച്ചു നീക്കിയിരുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.