ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം ജുഡീഷ്യറിയുടെ അന്തസ് കെടുത്തി: സുപ്രിംകോടതി കൊളീജിയം
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സെമിനാറില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വംശീയ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് സുപ്രിംകോടതി കൊളീജിയം താക്കീത് നല്‍കി. ഭരണഘടനാപരമായ പദവികളുടെ അന്തസ് കാക്കും രീതിയില്‍ സംസാരിക്കണമെന്നാണ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശം നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
ജസ്റ്റീസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, എ എസ് ഓക്ക എന്നിവരാണ് കൊളീജിയത്തിലെ മറ്റു അംഗങ്ങള്‍. ഡിസംബര്‍ എട്ടിന് അലഹബാദില്‍ നടന്ന വിഎച്ച്പിയുടെ ഏകീകൃത വ്യക്തിനിയമ സെമിനാറിലാണ് ജഡ്ജി വര്‍ഗീയ പ്രസംഗം നടത്തിയത്. മുസ്‌ലിംകള്‍ക്കെതിരേ ചേലാകര്‍മവുമായി ബന്ധപ്പെട്ട വാക്കു പോലും ഉപയോഗിച്ചു. തുടര്‍ന്നാണ് നേരിട്ട് വന്ന് വിശദീകരണം നല്‍കാന്‍ കൊളീജിയം നോട്ടീസ് അയച്ചത്. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതെന്നും താന്‍ ഒരു വിഭാഗത്തിനെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും ശേഖര്‍ കുമാര്‍ യാദവ് വിശദീകരിച്ചു.
ഇത് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് കൊളീജിയം പറഞ്ഞു. ഹൈക്കോടതി ജഡ്ജി പദവിയുടെ അന്തസ് കെടുത്തുന്ന നടപടിയാണ് പ്രസംഗമെന്ന് കൊളീജിയം അഭിപ്രായപ്പെട്ടു. സൂക്ഷ്മ പരിശോധനക്ക് വിധേയമാവുന്ന ജുഡീഷ്യറിയുടെ അന്തസ് കാക്കണമെന്നും ഇയാള്‍ക്ക് നിര്‍ദേശം നല്‍കി. കോടതിയില്‍ ആയാലും പുറത്തായാലും ജഡ്ജി നടത്തുന്ന പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസത്തെ ബാധിക്കുന്നതാണെന്നും ഉപദേശിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 12നാണ് ശേഖര്‍ കുമാര്‍ യാദവിനെ അലഹബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത്. 2021ല്‍ സ്ഥിരം ജഡ്ജിയാക്കി. 2026 ഏപ്രിലില്‍ വിരമിക്കും. ശേഖര്‍ കുമാര്‍ യാദവിനെതിരേ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയായ കമ്മിറ്റി ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോം സുപ്രിംകോടതിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ ഇംപീച്ച് ചെയ്യണമെന്ന് രാജ്യസഭയിലെ 55 പ്രതിപക്ഷ എംപിമാരും ചെയര്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്.