ഇലക്ടറല്‍ ബോണ്ട്: സമയപരിധി നീട്ടണമെന്ന എസ്ബിഐ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

Update: 2024-03-11 04:43 GMT

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ(എസ്ബി ഐ) നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഇലക്ടറല്‍ ബോണ്ട് ദാതാക്കളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന് എസ് ബി ഐ ഹരജി നല്‍കിയത്. സമയപരിധി ജൂണ്‍ 30 വരെ നീട്ടണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഇതിനുപുറമെ, എസ്ബിഐയ്‌ക്കെതിരേ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും(എഡിആര്‍) സിപിഎമ്മും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മാര്‍ച്ച് ആറിനുള്ള സമയപരിധി നഷ്ടപ്പെടുത്തിയതിലൂടെ ബാങ്ക് മനഃപൂര്‍വം കോടതി ഉത്തരവ് ലംഘിച്ചതായി എഡിആര്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് സുപ്രികോടതി സുപ്രധാന ഉത്തരവിലൂടെ ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 12 മുതലുള്ള എല്ലാ ഇലക്ടറല്‍ ബോണ്ട് പര്‍ച്ചേസുകളുടെയും വിശദാംശങ്ങള്‍ മാര്‍ച്ച് 6നകം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ എസ്ബിഐയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുക്കുന്ന് ചൂണ്ടിക്കാട്ടിയാണ് സമയം ആവശ്യപ്പെട്ട് എസ്ബിഐ മാര്‍ച്ച് നാലിന് സുപ്രിംകോടതിയെ സമീപിച്ചത്.

Tags:    

Similar News