സ്വത്ത് മരവിപ്പിച്ചതിനെതിരായ ആംനസ്റ്റിയുടെ ഹരജി തള്ളി സുപ്രിം കോടതി

1.54 കോടിയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്.

Update: 2022-10-28 12:33 GMT

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തങ്ങളുടെ സ്വത്തുകള്‍ മരവിപ്പിച്ചെതിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി സമര്‍പ്പിച്ച ഹരജി സ്വീകരിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. 1.54 കോടിയുടെ സ്വത്തുക്കളാണ് ഇഡി മരവിപ്പിച്ചത്.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ ഇന്ത്യന്‍ വിഭാഗം 2010 ലെ വിദേശ സംഭാവന നിയന്ത്രിക്കുന്ന നിയമം (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ) ലംഘിച്ചെന്ന് ആരോപിച്ച് ഒക്ടോബര്‍ 7നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ക്കുള്ള വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നതാണ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്.

ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആംനസ്റ്റി ഹരജിയില്‍ ആവര്‍ത്തിച്ചു.കഴിഞ്ഞയാഴ്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹര്‍ജി തള്ളിയിരുന്നു. ഹര്‍ജി തള്ളിയത് അതിന്റെ ഗുണദോഷങ്ങളുടെ പ്രതിഫലനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അനധികൃതമായി വിദേശ സംഭാവന സ്വീകരിച്ചെന്നാരോപിച്ച് കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്.

Tags:    

Similar News