ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരേ കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് സുപ്രിം കോടതി തള്ളി. ഇ ഡി ചാര്‍ജ് ചെയ്ത കേസ് ക്വാഷ് ചെയ്യാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ ശിവകുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. ശിവകുമാര്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2017 ആഗസ്തില്‍ ഡല്‍ഹിയിയിലടക്കം അദ്ദേഹവുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 8.59 കോടിയിലധികം രൂപ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തിരുന്നു. ശിവകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് കേസെടുത്തത്. 41 ലക്ഷത്തിലധികം രൂപ ശിവകുമാറിന്റെയും 7.58 ലക്ഷം രൂപ മറ്റൊരു പ്രതിയായ സുനില്‍കുമാര്‍ ശര്‍മയുടെയും കണക്കില്‍ നികുതിയിനത്തില്‍ വരവുവച്ചു. കാര്‍ഷിക, ബിസിനസ് മേഖലകളില്‍ നിന്നുള്ള വരുമാനമാണ് പണമെന്നായിരുന്നു ഇരുവരുടെയും അവകാശവാദം. ഇതേത്തുടര്‍ന്ന് ആദായ നികുതി വകുപ്പ് ബെംഗളൂരുവിലെ ഒരു കോടതിയില്‍ നികുതി വെട്ടിപ്പിനെതിരേ കേസ് ഫയല്‍ ചെയ്തു. 2018 ല്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇ ഡിയും കേസ് ഫയല്‍ ചെയ്തിരുന്നു.