മതപരിവര്‍ത്തനം ആരോപിച്ച കേസില്‍ മൗലവി സയിദ് ഷാദ് ഖാസിമിക്ക് ജാമ്യം; ഇത്തരം കേസുകളില്‍ കീഴ്‌ക്കോടതികള്‍ സ്വന്തം ഇഷ്ടപ്രകാരം ജാമ്യഹരജി തള്ളരുതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മതം മാറ്റിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മദറ്‌സ അധ്യാപകന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗര്‍ സ്വദേശിയായ മൗലവി സയിദ് ഷാദ് ഖാസിമിക്കാണ് പതിനൊന്ന് മാസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം അനുവദിച്ചിരിക്കുന്നത്. മതപരിവര്‍ത്തനം വളരെ ഗൗരവമായ കാര്യമാണെന്ന് പറഞ്ഞ് വിചാരണക്കോടതികളും ഹൈക്കോടതിയും സ്വന്തം ഇഷ്ടപ്രകാരം ജാമ്യം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മൗലവി സയിദ് ഷാദ് ഖാസിമി പിടികൂടി മദ്‌റസയില്‍ പൂട്ടിയിട്ട് ഇസ്‌ലാമില്‍ ചേര്‍ത്തുവെന്നാണ് 2024ല്‍ നൗബസ്ത പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പറയുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും 2021ലെ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ നിയമത്തിലേയും വിവിധ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷേ തള്ളി. ഇതിന് ശേഷമാണ് മൗലവി സുപ്രിംകോടതിയെ സമീപിച്ചത്.
മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിച്ച, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് മാനുഷിക പരിഗണനയുടെ ഭാഗമായി അഭയം നല്‍കിയതായി മൗലവിയുടെ ജാമ്യാപേക്ഷ പറയുന്നു. കുട്ടിയെ ഇസ്‌ലാമില്‍ ചേര്‍ത്തിട്ടില്ല. കേസില്‍ പതിനൊന്നുമാസമായി ജയിലിലാണ്. വിചാരണ തീരാന്‍ ഇനിയും ധാരാളം കാലമെടുക്കും. അതിനാല്‍ ജാമ്യം വേണമെന്നാണ് മൗലവി വാദിച്ചത്.
എന്നാല്‍, ജാമ്യാപേക്ഷയെ ഉത്തര്‍പ്രദേശ് പോലിസ് ശക്തമായി എതിര്‍ത്തു. കേസില്‍ വിചാരണ നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചെന്നും ശിക്ഷിക്കപ്പെട്ടാല്‍ പ്രതിക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും പോലിസ് വാദിച്ചു. അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ആവശ്യം.
എന്നാല്‍, ഇത്തരത്തിലുള്ള തെളിയിക്കപ്പെടാത്ത ആരോപണങ്ങളെ ബലാല്‍സംഗ-കൊലപാതക-കൊള്ള ആരോപണങ്ങള്‍ പോലെ ഗുരുതരമായി കാണരുതെന്നും ജാമ്യം നല്‍കാന്‍ വിചാരണക്കോടതികളും ഹൈക്കോടതിയും ധൈര്യം കാണിക്കണമെന്നുമാണ് സുപ്രിംകോടതി ഇതിന് മറുപടി നല്‍കിയത്. കേസില്‍ ജാമ്യം നല്‍കാന്‍ ധൈര്യം കാണിക്കാത്തതിന് അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
''ഇതുപോലെയുള്ള കേസുകളില്‍ ജാമ്യം നല്‍കാത്തത് ജഡ്ജിമാര്‍ക്ക് വ്യത്യസ്തമായ പരിഗണനകള്‍ ഉള്ളതിനാലാണെന്ന് സംശയം തോന്നുന്നുണ്ട്. കുറ്റാരോപണങ്ങള്‍ നിര്‍ണായക തെളിവുകളാല്‍ സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു എന്നു വേണം പറയാന്‍. വിചാരണക്കോടതികള്‍ ജാമ്യം നിഷേധിക്കുന്നത് സാധാരണസംഭവമാണ്. എന്നാല്‍, ഹൈക്കോടതിക്കു ധൈര്യമുണ്ടാവുമെന്നും വിവേചനാധികാരം നീതിപൂര്‍വ്വം ഉപയോഗിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവേചനാധികാരത്തിന്റെ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. ജാമ്യം അനുവദിക്കുന്നതിന്റെ തത്വങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കണം. മതപരിവര്‍ത്തനം വളരെ ഗൗരവകരമായ കാര്യമാണെന്ന സ്വന്തം തോന്നല്‍ പ്രകാരമായിരിക്കരുത് വിവേചനാധികാരം ഉപയോഗിക്കേണ്ടത്. പ്രോസിക്യൂഷന്‍ കേസ് തെളിയിക്കുകയാണെങ്കില്‍ ആരോപണ വിധേയന്‍ ശിക്ഷിക്കപ്പെടും. അയാള്‍ അപ്പോള്‍ ശിക്ഷിക്കപ്പെട്ടാല്‍ മതി.''-സുപ്രിംകോടതി പറഞ്ഞു.