ഗുജറാത്ത് ഹൈക്കോടതി ജാമ്യം തള്ളിയ ടീസ്റ്റ സെതല്‍വാദിന് സുപ്രിംകോടതിയുടെ ഇടക്കാല സംരക്ഷണം
ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന കേസില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് ജാമ്യം തള്ളിയ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രിംകോടതി ഇടക്കാല സംരക്ഷണം നല്‍കി. ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉടന്‍ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ടീസ്റ്റ സെറ്റല്‍വാദ് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇന്ന് രാത്രി ഒമ്പതരയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ഏഴ് ദിവസത്തേക്ക് സ്‌റ്റേ ചെയ്തത്. ഒരാഴ്ച പോലും ഇടക്കാല സംരക്ഷണം നല്‍കാതിരുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ സുപ്രിംകോടതി വിമര്‍ശിക്കുകയും ചെയ്തു. ജഡ്ജിയുടെ തീരുമാനം തീര്‍ത്തും തെറ്റാണെന്ന് പറയുന്നതില്‍ ഖേദമുണ്ടെന്നായിരുന്നു വിധി പ്രസ്താലവത്തിനിടെ സുപ്രീം കോടതിയുടെ പരാമര്‍ശം. ഇതൊരു സാധാരണ കേസല്ലെന്നും പതിറ്റാണ്ടുകളായി രാജ്യവും സംസ്ഥാനവും അപമാനിക്കപ്പെട്ടെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അവരുടെ പെരുമാറ്റം അപലപനീയമായിരിക്കാം. എന്നാല്‍ ഇന്ന് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഒരു ദിവസത്തേക്ക് പോലും ഇല്ലാതാക്കണോ എന്നായിരുന്നു ചോദ്യം. 10 മാസമായി അവര്‍ ജാമ്യത്തിലാണെങ്കിലും കസ്റ്റഡിയില്‍ എടുക്കുന്നതിലെ അടിയന്തരാവസ്ഥ എന്താണെന്നും കോടതി ചോദിച്ചു. ഇടക്കാല സംരക്ഷണം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ. ഹൈക്കോടതി നടപടയില്‍ ഞങ്ങള്‍ അമ്പരന്നുപോയി. എന്താണ് ഭയാനകമായ അടിയന്തരാവസ്ഥ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. വൈകുന്നേരം സുപ്രീം കോടതിയുടെ ജസ്റ്റിസുമാരായ അഭയ് എസ് ഓക്കയും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അവര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ഭിന്നത രേഖപ്പെടുത്തുകയും വിഷയം ഒരു വിശാല ബെഞ്ചിനു വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.