ഇസ് ലാം-പ്രവാചക നിന്ദ: സുവര്‍ണ ന്യൂസ് അവതാരകനു സുപ്രിംകോടതി നോട്ടീസ്
എസ് ഡിപിഐ മംഗലാപുരം സൗത്ത് മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് ശരീഫ് നല്‍കിയ പരാതിയിലാണ് നടപടി
ബെംഗളൂരു: ഇസ്‌ലാം മതത്തെയും പ്രവാചകനെയും അവഹേളിച്ചെന്ന പരാതിയില്‍ ഏഷ്യനെറ്റ് ന്യൂസിന്റെ കന്നട ചാനലായ സുവര്‍ണ ന്യൂസ് അവതാരകന്‍ അജിത് ഹനുമക്കനവറിനു സുപ്രിം കോടതി നോട്ടീസ്. 2018 ഡിസംബറില്‍ സുവര്‍ണ ന്യൂസ് ചാനലിലെ പരിപാടിയില്‍ ചാനല്‍ അവതാരകനായ അജിത് ഹനുമക്കന്‍വാര്‍ ഇസ് ലാം മതത്തെയും പ്രവാചകന്‍ മുഹമ്മദിനെയും പരസ്യമായി അവഹേളിച്ചെന്ന് ആരോപിച്ച് എസ് ഡിപിഐ മംഗലാപുരം സൗത്ത് മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് ശരീഫ് നല്‍കിയ പരാതിയിലാണ് നടപടി.
മംഗലാപുരം പാണ്ഡേശ്വര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ണാടക സംസ്ഥാനത്ത് പലയിടങ്ങളിലായി 800 ഓളം പരാതികള്‍ പോലിസിനു നല്‍കുകയും സംസ്ഥാന വ്യാപകമായി എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും രണ്ട് സ്‌റ്റേഷനുകളിള്‍ മാത്രമാണ് കേസെടുത്തിരുന്നത്. പാണ്ടേശ്വര്‍, ശിമുഗയിലെ തുംഗ പോലിസ് സ്‌റ്റേഷനുകളിലാണ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിനിടെ, പാണ്ടേശ്വരിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍, അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നടപടിക്കെതിരേ എസ്ഡിപിഐ സുപ്രിംകോടതിയെ സമീപ്പിച്ചു. സുപ്രിംകോടതി വെള്ളിയാഴ്ച ഹരജി പരിഗണിക്കുകയും കര്‍ണാടക സര്‍ക്കാരിനും അജിത് ഹനുമക്കനവറിനും നോട്ടീസ് അയക്കുകയുമായിരുന്നു. പരാതിക്കാരന് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. എസ് ഡിപിഐയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷ കാമിനി ജയ്‌സ്വാള്‍ ഹാജരായി.