മീഡിയാ വണ്‍ വിലക്ക്; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2022-03-28 07:32 GMT

ന്യൂഡല്‍ഹി: മീഡിയാ വണ്‍ സംപ്രേഷണ വിലക്കിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസയച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വിലക്കിനെതിരേ മീഡിയാ വണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും നല്‍കിയ ഹരജിക്കൊപ്പം പത്രവര്‍ത്തക യൂനിയന്‍ നല്‍കി ഹരജിയിലും കോടതി വാദം കേള്‍ക്കും.

ഏപ്രില്‍ ഏഴിനാവും ഹരജി വീണ്ടും പരിഗണിക്കുക. ഹരജിയുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൈമാറാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന് കോടതി അനുമതി നല്‍കി. കേരള പത്ര പ്രവര്‍ത്തക യൂനിയന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി.

കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി, സെക്രട്ടറി ഷബ്‌ന സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം എം പി സനോജ് എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. സംപ്രേഷണ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നാരോപിച്ചായിരുന്നു ഹരജി. സംപ്രേഷണ വിലക്കിനെതിരായ ഹരജികളില്‍ ഏപ്രില്‍ ഏഴിന് അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മീഡിയാ വണ്ണിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

Tags:    

Similar News