ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ശുഹൈബിന് സുപ്രീം കോടതി നോട്ടിസ്. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടിസ് അയച്ചത്. ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ട് താഹ ഫസല്‍ നല്‍കിയ ഹര്‍ജിക്ക് ഒപ്പം എന്‍ഐഎയുടെ ഹര്‍ജി സെപ്തംബര്‍ മൂന്നാം വാരം പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് യുയു ലളിത്, അജയ് റെസ്‌ത്തോഗി എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
യുഎപിഎ കേസില്‍ തന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് താഹ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു സുപ്രീം കോടതിയെ അറിയിച്ചത്.
513 ദിവസമായി തടവറയില്‍ കഴിയുന്ന താഹക്ക് ജാമ്യം നല്‍കണമെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. വി. ഗിരി വാദിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിന് താങ്ങാവുന്നതല്ല താഹയുടെ തടങ്കല്‍ എന്നും ഗിരി ബോധിപ്പിച്ചു.
ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത 23 വയസ് പ്രായമുള്ള മാധ്യമ വിദ്യാര്‍ഥിയാണ് താഹ ഫസല്‍. സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ ഇന്ത്യയിലെ ജാതി വ്യവസ്ഥ സംബന്ധിച്ച പുസ്തകം, റോസാ ലക്‌സണ്‍ബെര്‍ഗ്, രാഹുല്‍ പണ്ഡിത എന്നിവരുടെ പുസ്തകങ്ങള്‍, മാധവ് ഗാഡ്ഗില്‍ റീപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍, ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെയും മാവോയിസ്റ്റുകള്‍ക്ക് എതിരെയുള്ള നടപടികളെയും സംബന്ധിച്ച നോട്ടീസുകള്‍ എന്നിവയാണ് താഹയില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതെന്നും ഗിരി ചൂണ്ടിക്കാട്ടി.