'നിങ്ങളുടെ സ്വത്ത് കൈക്കലാക്കിയോ' ?; വഖ്ഫ് നിയമത്തെ ചോദ്യം ചെയ്തുള്ള ബിജെപി നേതാവിന്റെ ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: വഖ്ഫ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് നല്‍കിയ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി. വഖഫ് നിയമം ഹിന്ദുക്കളുടെയും മറ്റ് ഇസ്‌ലാമിക ഇതര സമുദായങ്ങളുടെയും അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്. ഹരജിയുമായെത്തിയ ബിജെപി നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി, ചില ചോദ്യങ്ങളും ഉന്നയിച്ചു. വഖഫ് നിയമം കാരണം ഹരജിക്കാരന്റെ ഏതെങ്കിലും അവകാശം ലംഘിക്കപ്പെട്ടതായി കാണുന്നില്ല.
വഖ്ഫ് നിയമം അവകാശം ലംഘിച്ചുവെന്നത് സംബന്ധിച്ച് ഒരു പ്രത്യേക കേസുണ്ടോ? നിങ്ങള്‍ക്ക് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ ഒരു പ്രത്യേക കേസിന്റെ വസ്തുതകള്‍ ഞങ്ങളെ കാണിക്കൂ. പാര്‍ലമെന്റ് പാസാക്കിയ നിയമനിര്‍മാണത്തെ ഞങ്ങള്‍ക്ക് വെല്ലുവിളിക്കാനാവില്ല- ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. 'നിങ്ങളുടെ സ്വത്ത് കൈക്കലാക്കിയോ, അതോ കുടിയൊഴിപ്പിക്കപ്പെട്ടോ?' ജസ്റ്റിസ് സൂര്യകാന്തും ഹരജിക്കാരനോട് ചോദ്യമുന്നയിച്ചു. നിങ്ങളുടെ 'പബ്ലിസിറ്റി സ്റ്റണ്ടുകള്‍' അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ രണ്ടംഗ ബെഞ്ച്, ഇക്കാര്യത്തില്‍ ഉചിതമായ ഫോറത്തെ സമീപിക്കാന്‍ ഹരജിക്കാരനായ ബിജെപി നേതാവിനോട് ആവശ്യപ്പെട്ടു.
ഹരജിയില്‍ നിന്ന് ഒരു കുറിപ്പ് ഉറക്കെ വായിക്കാന്‍ അശ്വിനി ഉപാധ്യായ കോടതിയുടെ അനുമതി തേടി. എന്നാല്‍, നിങ്ങളെ കോടതിയില്‍ കുറിപ്പ് വായിക്കാന്‍ പ്രേരിപ്പിച്ച് ഞങ്ങള്‍ക്ക് ഈ പബ്ലിസിറ്റി സ്റ്റണ്ട് ആവശ്യമില്ല' എന്ന് ജഡ്ജിമാര്‍ വിമര്‍ശിച്ചു. എല്ലാ ട്രസ്റ്റുകള്‍ക്കും ഒരു പൊതുനിയമം വേണമെന്നാണ് നിങ്ങള്‍ പറയുന്നത്, അത് പാര്‍ലമെന്റിന്റെ ഭരണഘടനാ പരിധിക്കുള്ളിലാണ്. ഞങ്ങള്‍ക്ക് പാര്‍ലമെന്റിനെ നയിക്കാന്‍ കഴിയില്ല- ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഒരു നിയമത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് ഞങ്ങള്‍ വളരെ ശ്രദ്ധാലുവാണ്. ഒരു നിയമനിര്‍മാണ സമിതി നടപ്പാക്കിയ നിയമത്തെ നിങ്ങള്‍ വെല്ലുവിളിക്കുമ്പോള്‍ നിങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തണം- ജഡ്ജിമാര്‍ കൂട്ടിച്ചേര്‍ത്തു.
വഖ്ഫ് നിയമം സമത്വവും മതത്തിനുള്ള അവകാശവും ലംഘിക്കുന്നു എന്ന് വാദിച്ച ഹരജിക്കാരന്‍ ട്രസ്റ്റുകള്‍ക്കും ചാരിറ്റി സ്ഥാപനങ്ങള്‍ക്കും ഏകീകൃത കോഡ് വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രത്യേക മതവിശ്വാസികളുടെ ട്രസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ പാര്‍ലമെന്റിന് പ്രത്യേക നിയമമുണ്ടാക്കാന്‍ കഴിയില്ല. മറ്റ് മതങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഒരു പൊതു കേന്ദ്രനിയമം ഇല്ലാത്തപ്പോള്‍ വഖ്ഫിനെ മാത്രം കൈകാര്യം ചെയ്യാന്‍ പ്രത്യേക നിയമമുണ്ടാക്കാന്‍ കഴിയില്ല.
വഖ്ഫ് ബോര്‍ഡുകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളും വഖ്ഫ് സ്വത്തുക്കള്‍ക്ക് പ്രത്യേക പദവിയും നല്‍കുന്നതിനാല്‍ പൊതുവെ പൊതുജനങ്ങള്‍ കഷ്ടപ്പെടുന്നു. ഇത് വഴി മറ്റുള്ളവര്‍ വിവേചനം നേരിടുകയും നിയമത്തിന്റെ തുല്യപരിരക്ഷ നിഷേധിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഹിന്ദു, ജൈന, ബുദ്ധ, സിഖ്, മറ്റ് ഇസ്‌ലാമിക ഇതര മതവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളുണ്ട്. മതപരമായ സ്വത്തുക്കളുമായി ബന്ധപ്പെട്ട സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒരു സിവില്‍ കോടതിക്ക് മാത്രമേ പരിഹാരം കാണാനാവൂ- ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹരജിയില്‍ ഇടപെടാനാവില്ലെന്ന കോടതി നിലപാട് അറിയിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാവ് അഡ്വ.അശ്വിനി ഉപാധ്യായ ഹരജി പിന്‍വലിച്ചു.