ഗ്യാന്‍വാപിയിലെ പൂജ തടയാന്‍ സുപ്രിംകോടതി ഇടപെടണം; മുജാഹിദ് സമ്മേളനത്തിന് കരിപ്പൂരില്‍ തുടക്കം
കരിപ്പൂര്‍: രാജ്യത്ത് മസ്ജിദുകളും ചര്‍ച്ചുകളും തകര്‍ക്കുകയും കൈയേറുകയും ചെയ്യുന്നത് തുടരുന്നത് ആശങ്കാജനകമാണെന്ന് കരിപ്പൂരില്‍ തുടങ്ങിയ മുജാഹിദ്(മര്‍കസുദ്ദഅ് വ) പത്താം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഭരണഘടനാ സംരക്ഷണം പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ജഡ്ജിമാര്‍ ഭരണഘടനെ നോക്കുകുത്തിയാക്കി വിധി പറയുന്നത് രാജ്യത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കും. ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്താനുള്ള കോടതി വിധി റദ്ദ് ചെയ്യാന്‍ സുപ്രിംകോടതി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 'വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം' എന്ന പ്രമേയത്തില്‍ കരിപ്പൂര്‍ വെളിച്ചം നഗറില്‍ നടക്കുന്ന സമ്മേളനം ഫലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സുലര്‍ ഡോ. അബ്ദുര്‍റാസിഖ് അബൂജസര്‍ ഉദ്ഘാടനം ചെയ്തു. അവശതയനുഭവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഇന്ത്യയും കേരള സംസ്ഥാനവും നല്‍കുന്ന സ്‌നേഹവും പിന്തുണയും ഐക്യദാര്‍ഢ്യവും ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയുടെ കാലം മുതല്‍ സ്വതന്ത്ര ഫലസ്തീന് ഇന്ത്യാ മഹാരാജ്യം നല്‍കിയ പിന്തുണ പിന്നീടുവന്ന പ്രധാനമന്ത്രിമാര്‍ തുടരുകയായിരുന്നു. ജീവിക്കാന്‍ വേണ്ടി പോരാടുന്ന ഫലസ്തീന്‍ ജനതയ്ക്കു നല്‍കുന്ന പിന്തുണ മഹത്തരമാണ്. അതില്‍ സന്തോഷവും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാറുകളെയാണ് ലോകത്തിന് ആവശ്യമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സമ്മേളനം സ്വാഗതം ചെയ്തു. യുഎഇയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ പ്രധാന മന്ത്രി നടത്തിയ പ്രഖ്യാപനം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ രാജ്യം നിലവിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് മോചിതമാവും. അസമത്വവും നീതിനിഷേധവും രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫ് അധ്യക്ഷത വഹിച്ചു. കെഎന്‍എം മര്‍കസുദ്ദഅ്‌വ പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഡോ. അബ്ദുറാസിഖ് അബു ജസറിന് ഉപഹാരം നല്ലി. പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരിയെ ജനറല്‍ സെകട്ടറി സി പി ഉമര്‍ സുല്ലമി ആദരിച്ചു. എളമരം കരീം എംപി സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. ഹാരിസ് കാവ്യങ്ങല്‍ ഏറ്റുവാങ്ങി. ഹാറൂണ്‍ കക്കാട് സുവനീര്‍ പരിചയം നടത്തി. ഡോ. പി മുസ്തഫ ഫാറൂഖി പുസ്തക പ്രകാശനം നടത്തി. സാബിര്‍ ശൗഖത്ത്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, കെ എം ടി മുഹമ്മദലി പുസ്തകം ഏറ്റുവാങ്ങി. ബിനോയ് വിശ്വം എംപി, അഡ്വ. പി എം എ സലാം, ആത്മ ദാസ് യമി, ഫാ. സജീവ് വര്‍ഗീസ്, പത്മശ്രീ ചെറുവയല്‍ രാമന്‍, രമേശ് ജി മേത്ത, എന്‍ കെ പവിത്രന്‍, ഡോ. ഐ പി അബുസ്സലാം, ഡോ. അനസ് കടലുണ്ടി, മമ്മു കോട്ടക്കല്‍, ഡോ. യു പി യഹ് യാ ഖാന്‍, എം കെ ശാക്കിര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗ്ലോബല്‍ ഇസ് ലാഹി സംഗമം കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെഎന്‍എം മര്‍കസുദ്ദഅവ സംസ്ഥാന ജന സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. സലാഹ് കാരാടന്‍, ഫൈസല്‍ നന്‍മണ്ട, പ്രഫ. കെ പി സകരിയ്യ, ബിപിഎ ഗഫൂര്‍, അയ്യൂബ് എടവനക്കാട്, സി ടി ആയിശ, ആദില്‍ നസീഫ് മങ്കട, ഫാത്വിമ ഹിബ, ലത്തീഫ് നല്ലളം, കെ അഹ്മദ് കൂട്ടി, കെ വി നിയാസ്, ഡോ. യു പി യഹ് യാ ഖാന്‍, കെ പി അബ്ദുര്‍ റഹ്മാന്‍ സുല്ലമി, സി അബ്ദുലത്തീഫ് സംസാരിച്ചു. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 45 സെഷനുകളിലായി മുന്നൂറോളം പേര്‍ സംസാരിക്കും.