'ഈദ്ഗാഹില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്തേണ്ട'; അനുമതി നിഷേധിച്ച് സുപ്രിംകോടതി

പരിപാടിക്ക് അനുമതിയില്ലെന്നും തല്‍സ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രിം കോടതി ബെഞ്ച് നിര്‍ദേശിച്ചു.

Update: 2022-08-30 13:35 GMT

ന്യൂഡല്‍ഹി: ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേഷ ചതുര്‍ഥി ആഘോഷം നടത്താമെന്ന കര്‍ണാടക ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിം കോടതി. പരിപാടിക്ക് അനുമതിയില്ലെന്നും തല്‍സ്ഥിതി തുടരാനും പൂജ മറ്റൊരിടത്ത് നടത്താനും കേസ് അടിയന്തരമായി പരിഗണിച്ച സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.


വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. ബെംഗളൂരു ചാമരാജ് പേട്ടയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആലോഷത്തിന് അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഈദ് ഗ്രൗണ്ടില്‍ മറ്റു പരിപാടികള്‍ നടത്താന്‍ കഴിയുമോ എന്നതിനെ കുറിച്ച് ഹൈക്കോടതിയെ സമീപിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, എഎസ് ഒക്കാ, എം എം സുന്ദ്രഷ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.


ഹര്‍ജിയില്‍ ജഡ്ജിമാരുടെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഇന്ന് മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. ബെംഗളൂരൂ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനാണ് ബെംഗളുരു മുനസിപ്പല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗള്‍ ബെഞ്ച് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ആര്‍ക്കും അവിടെ പരിപാടി നടത്താമെന്ന് വിധിച്ചു. ഈ വിധിക്കെതിരെയാണ് വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്.


ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാദം ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന് വിട്ടത്. അതേസമയം, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ബെംഗളൂരു ചാമരാജ്‌പേട്ടിലെ ഈദ്ഗാ മൈതാനത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം പരാമര്‍ശിക്കുകയും വിഷയത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് അനാവശ്യമായ മതസ്പര്‍ദ്ധ സൃഷ്ടിക്കുകയാണെന്ന് സിബല്‍ വാദിച്ചു.











Tags:    

Similar News